|

'ഇവരെയെല്ലാം മാറ്റിയിട്ട് ആ കുട്ടി സേവാഗിനെ ടീമില്‍ കൊണ്ടുവാ'; ഇന്ത്യന്‍ ടീമിന് അടുത്ത ഓപ്പണറെ ഉപദേശിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിലിപ്പോള്‍ ഓപ്പണര്‍മാരുടെ മേളമാണ്. നായകന്‍ രോഹിത് ശര്‍മയുടെ കൂടെ ഒരുപാട് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. കെ.എല്‍. രാഹുലിന് പരിക്ക് പറ്റിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ പരമ്പരയില്‍ വ്യത്യസ്ത താരങ്ങളാണ് ടീമില്‍ കളിക്കുന്നത്.

ഇഷന്‍ കിഷാന്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവരെയൊന്നുമല്ല മൂന്നാം ഓപ്പണറായി ടീമിലെത്തിക്കേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദീപ് ദാസ് ഗുപ്ത.

ഇന്ത്യന്‍ നിരയില്‍ മൂന്നാം ഓപ്പണറായി അദ്ദേഹം നിര്‍ദേശിച്ചത് യുവ താരമായ പൃഥ്വി ഷായെയാണ്. ഒരു കാലത്ത് ഇന്ത്യയുടെ അടുത്ത സേവാഗെന്നും സച്ചിനെന്നും വാഴ്ത്തിയിരുന്ന താരമായിരുന്നു പൃഥ്വി ഷാ. എന്നാല്‍ പരിക്കുകളും ഫിറ്റ്‌നസില്ലായ്മയും അദ്ദേഹത്തെ വലയ്ക്കുകയായിരുന്നു.

‘കെ.എല്‍. രാഹുലും, രോഹിത് ശര്‍മയുമാണ് ടി-20 ലോകകപ്പിലേക്ക് എന്റെ ആദ്യ ചോയ്‌സ്. ഒരു മൂന്നാം ഓപ്പണര്‍ എന്ന നിലയില്‍ ആ സ്ലോട്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു സ്‌കില്‍ നല്‍കുകയും ചെയ്ത പൃഥ്വി ഷായെപ്പോലുള്ള ഓപ്ഷനുകള്‍ പരിശോധിക്കാം,’ അദ്ദേഹം പറഞ്ഞു

അവന്‍ നിങ്ങള്‍ക്ക് 70കളോ 80കളോ നൂറുകളോ നല്‍കിയേക്കില്ല, പക്ഷേ ഇന്ത്യക്ക് ഒരു വേഗത്തിലുള്ള തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് കഴിയും,’ ദീപ് ദാസ് പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഒരു പ്ലാനിലുമില്ലാത്ത താരമാണ് പൃഥ്വി ഷാ. ഒരുപാട് ടാലെന്റുണ്ടായിട്ടും ഫിറ്റ്‌നസ് ഇല്ലായ്മയും ഫീല്‍ഡിങ്ങിലെ പോരായ്മയുമാണ് അദ്ദേഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അടുത്ത വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ടീമിലിടം നേടാന്‍ സാധിക്കും.

Content Highlights: Deep Das Gupta suggested Prithvi Shaw as third opener