|

അഞ്ചു മിനിറ്റിൽ കഥ പറയാൻ മമ്മൂട്ടി പറഞ്ഞു, കഴിയില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി... ഡീനോ ഡെന്നിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം 2023ലാണ് അനൗണ്‍സ് ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ഗെറ്റപ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്ലറിനും വന്‍ വരവേല്പായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്.

ഇപ്പോൾ ബസൂക്കയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഡീനോ ഡെന്നീസ്.

മമ്മൂട്ടിയോട് കഥ പറയാനായി ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പിന്നീട് കഥ പറയുന്നതിനായി അവസരം കിട്ടിയെന്നും ഡീനോ പറയുന്നു. അഞ്ചു മിനിറ്റിൽ കഥ പറയാനാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്നും എന്നാൽ അഞ്ച് മിനിറ്റിൽ കഥ പറയാൻ കഴിയില്ലെന്നും തിരക്കഥ മുഴുവൻ പറഞ്ഞാൽ മാത്രമേ മനസിലാകൂ എന്ന് താൻ മറുപടി പറഞ്ഞുവെന്നും ഡീനോ പറഞ്ഞു.

അതോടെ തന്നോട് കഥ മുഴുവൻ പറയാൻ മമ്മൂട്ടി പറഞ്ഞെന്നും രണ്ടര മണിക്കൂർ നീണ്ട ചർച്ചയായിരുന്നു ബസൂക്കയുടെതെന്നും ഡീനോ കൂട്ടിച്ചേർത്തു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡീനോ ഡെന്നീസ്.

‘മമ്മൂക്കയോട് കഥ പറയാനായി ഒരുപാട് ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് കഥ പറയാൻ അവസരം കിട്ടി. ഒരു അഞ്ചു മിനിറ്റിൽ കഥ പറയാൻ മമ്മൂക്ക എന്നോട് പറഞ്ഞു. ‘അഞ്ചു മിനിറ്റിൽ ഈ കഥ പറയാൻ കഴിയില്ല. കുറഞ്ഞ സമയം കൊണ്ട് ഈ കഥ മനസിലാവണമെന്നില്ല. തിരക്കഥ മുഴുവൻ പറഞ്ഞാലേ മനസിലാവുകയുള്ളു. പിന്നീട് കഥ പറയാം’ എന്നു ഞാൻ പറഞ്ഞു. അതോടെ കഥ മുഴുവനും പറയാൻ മമ്മൂക്ക പറഞ്ഞു. സിനിമയുടെ ആദ്യ പകുതി വരെ ഏകദേശം ഒരു മണിക്കൂർ മമ്മൂക്ക കഥ കേട്ടു. ചെറിയ ഇടവേളയ്ക്ക് ശേഷം ബാക്കി കൂടെ പറഞ്ഞു. രണ്ടര മണിക്കൂർ നീണ്ട ചർച്ചയായിരുന്നു,’ ഡീനോ പറയുന്നു.

വിഷു റിലീസായി ഏപ്രിൽ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സിനിമയുടെ അഡ്വാൻസ് ബുക്കിങ് ഉടൻ തന്നെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിലെ ആദ്യഗാനം പുറത്തുവന്നിരുന്നു. സയീദ് അബ്ബാസ് സംഗീതം നിർവഹിച്ച പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് ബിൻസ് ആണ്. ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Content Highlight: Deeno Dennis Talking About Mammootty

Latest Stories