പ്രിയമുള്ള ഷീന, വിട പറച്ചിലില്ല.
ഇന്ന് നീയില്ലാത്ത ഒരു ലോകത്ത് നിന്റെ പഴയ കൂട്ടുകാര്‍ പലയിടങ്ങളിലിരുന്ന് നിന്നെ ഓര്‍ക്കാന്‍ ഒത്തുകൂടി. കോഴിക്കോട് ദേവഗിരി കോളേജില്‍ നടന്ന ആദ്യത്തെ ഫെമിനിസ്റ്റ് കൂട്ടായ്മയില്‍ (1990 ലെ സ്ത്രീ വിമോചന സംഘടനങ്ങളുടെ ദേശീയ സമ്മേളനം) നമ്മളൊക്കെ ഒത്തുചേര്‍ന്നതിന്റെ ഓര്‍മ്മകള്‍ എല്ലാവരിലും വീണ്ടും ഉണര്‍ന്നു.
അത്രയും ആവേശത്തോടെ മുമ്പൊരിക്കലും നാം കൂടിച്ചേര്‍ന്നിരുന്നില്ല. പാട്ടു പാടി നൃത്തം വച്ചിരുന്നില്ല. കോഴിക്കോട്ടുകാരി ആയതുകൊണ്ട് മാത്രമല്ല ഞാനന്ന് ദേവഗിരി കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്നതുകൊണ്ടു കൂടിയാണ് നിങ്ങളൊക്കെ അന്നെന്റെ അതിഥികളായത്.
രാത്രിയും പകലുകളും നമ്മളന്ന് സ്വപ്നം കണ്ടു നടന്നു.
ലോകമിതാ ഉടന്‍ കീഴ്‌മേല്‍ മറിയാന്‍ പോകുന്നു എന്ന വിശ്വാസം സിരകളില്‍ ഇരച്ചുകയറി. അത്രയും ചോരത്തിളപ്പായിരുന്നു എല്ലാവര്‍ക്കും. അതില്‍ പിന്നെ 30 വര്‍ഷം പിന്നിട്ടു. ലോകം വലുതായൊന്നും മാറിയില്ലെന്നതിന്റെ ഖേദം ഇന്ന് ചുററിനുമുണ്ട്. പിന്നീടൊരു യോഗത്തില്‍ നീയത് വിളിച്ചു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എങ്കിലും നമ്മള്‍ തളര്‍ന്നു പോയിട്ടില്ല. നിന്റെ കൂട്ടുകാര്‍ക്ക് നീ എന്നും ഒരാവേശമായിരുന്നു.
യുറോ സെന്‍ട്രിസിസത്തിന്റെ യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ തൃശൂര്‍ക്കാരിയുടെ തനത് ശൈലിയില്‍ എങ്ങിനെ ഫെമിനിസം പറയാമെന്ന് നീ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. ആണഹങ്കാരത്തിന്റെ ധിക്കാരം ഉയരുമ്പോള്‍ ടാ എന്ന നിന്റെ ഒരൊറ്റ വിരലുയര്‍ത്തല്‍. ഇത്രയേയുള്ളൂ ആ അധികാരത്തിന്റെ ബലൂണുകള്‍ പൊട്ടിത്തകരാന്‍ എന്നു ഞങ്ങള്‍ കണ്ടറിഞ്ഞു.
നീയില്ലാത്ത ലോകത്ത് പോരാട്ടം കനക്കുന്നു. എത്ര വലിയ ഇരുട്ടാണ് നീ ഒഴിച്ചിട്ട ശൂന്യത ഇവിടെ അവശേഷിപ്പിക്കുന്നതെന്ന് ഞങ്ങളെയെല്ലാവരെയും നടുക്കുന്നു. നീയില്ലാതെ നിന്റെ സന്തോഷുമായി സംസാരിക്കുകയെന്നത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. നിന്നോടൊപ്പമല്ലാതെ അവന്റെയൊരു ചിത്രം പോലും എന്റെ ഓര്‍മ്മയിലില്ല. നിനക്ക് സംഭവിച്ച ഏററവും നല്ല കാര്യം അവനായിരുന്നു എന്നു പറഞ്ഞപ്പോള്‍ അവന്‍ പെട്ടിക്കരഞ്ഞു. ഈ വേര്‍പാട് താങ്ങാന്‍ കാലം അവന് കരുത്തു നല്‍കട്ടെ.
നീ എനിക്കാരായിരുന്നു! ഒപ്പം മുതിര്‍ന്നവള്‍, ഉടപ്പിറപ്പ്. പറയാതെ തന്നെ പരസ്പരം അറിയാവുന്നവര്‍. നീ വിട പറയുമ്പോള്‍ ഇടിഞ്ഞു വീഴുന്നത് പിടിച്ചു നിന്ന തറ തന്നെയാണ്. അങ്ങിനെ അധികം പേരില്ല, ഒപ്പം നടന്നവരായി.
കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യ്ക്കാണ് നിന്നെ അവസാനം കാണുന്നത്. അന്നാദ്യമായി രോഗമേല്പിച്ച പീഢകള്‍ നിന്നെ കുറച്ച് തളര്‍ത്തിയതായി തോന്നി. എങ്കിലും ആ ചിരിയിലെ തന്റേടം തലതാഴ്ത്താതെ നിന്നിരുന്നു. ഞാനും നീന്തി കടന്ന കടലായായിരുന്നത് കൊണ്ട് നിനക്കും അതിനാവുമെന്ന ഒരു വലിയ പ്രതീക്ഷയായിരുന്നു. നടന്ന വഴികള്‍ ഒന്നുകൂടി പങ്കുവച്ച് ഇനിയും കാണാം എന്ന് പിരിഞ്ഞതാണ്. കാലം കാത്തില്ല.
ഇനി കാണല്‍ ഓര്‍മ്മകളില്‍ മാത്രം.
നേരില്‍ കാണും മുമ്പ് അറിഞ്ഞതാണ് ഷീന എന്ന സൗഹൃദം. എണ്‍പതുകളുടെ മധ്യത്തില്‍ ഫെമിനിസം എന്ന സ്വപ്നം മലയാളത്തില്‍ പൊട്ടി മുളച്ചു തുടങ്ങിയ കാലത്ത്. പ്രിയ അധ്യാപിക സുമംഗലകുട്ടി ടീച്ചര്‍ കോഴിക്കോട് ഗവ.ആര്‍ട്‌സ് കോളേജിലേക്ക് സ്ഥലം മാറിയെത്തി ഞങ്ങളെ കണ്ടപ്പോഴാണ് നിങ്ങളെപ്പോലെത്തന്നെയുള്ള കുറെ മക്കള്‍ തനിയ്ക്കവിടെ തൃശൂരിലും പാലക്കാട്ടും ഉണ്ട് എന്ന് പറഞ്ഞത്.
അതൊരു വലിയ പെണ്‍കൂട്ടിന്റെ തുടക്കമായിരുന്നു, എന്തുവന്നാലും പിരിയാത്ത, വിയോജിപ്പുകളും ശക്തിയാവുന്ന കൂട്ടുകെട്ടിന്റെ തുടക്കം. കോഴിക്കോട്ട് അജിയേച്ചി പകര്‍ന്നു തന്ന ചുവടുവപ്പുകളുടെ അതേ ഭാഷയായിരുന്നു തൃശൂരില്‍ സാറ ടീച്ചറുടെയും സുമംഗലക്കുട്ടി ടീച്ചറുടെയും ചുവടുവപ്പുകള്‍ക്കും. ചൊല്‍ക്കാഴ്ചയുമായി സാറ ടീച്ചര്‍ വന്നത് അതിന്റെ തുടര്‍ച്ചയായായാണ്. മീഞ്ചന്തയിലെ എന്റെ വീട്ടില്‍ വച്ചായിരുന്നു റിഹേഴ്‌സല്‍.
ഞങ്ങള്‍ക്ക് സാറ ടീച്ചര്‍ പുതിയ പാട്ടു പഠിപ്പിച്ചു തന്നു.
‘ഉണര്‍ന്നെണീക്കുക സോദരി….’
‘നൃത്തം ചവിട്ടുമ്പോള്‍ മുലകള്‍ ഇളകാതെ നോക്കേണ്ട. അത് തോന്നിയത് പോലെ ഇളകി മറിയട്ടെ’- സാറ ടീച്ചര്‍ ഞങ്ങളെ തിരുത്തിയത് എന്നത്തേക്കുമുള്ള പാഠമായിരുന്നു. വെറും മുലകളല്ല ഞങ്ങള്‍ എന്ന ഉയിര്‍ത്തെഴുന്നേല്പായിരുന്നു ആ ചൊല്‍ക്കാഴ്ച. മലയാളി ഫെമിനിസത്തിന്റെ അന്താരാഷ്ട്ര മാര്‍ച്ചിങ്ങ് സോങ്ങിന് അത് തുടക്കമിട്ടു എന്നു പറയാം. അതേ ചൊല്‍ക്കാഴ്ച അതേ സമയത്ത് തൃശൂരിലും പട്ടാമ്പിയിലും ഏറ്റുചൊല്ലി.
അത് ഒരു ബലമായിരുന്നു. ഒറ്റയ്ക്കല്ല, ഒറ്റയ്ക്കാവില്ല എന്നതിന്റെ. പില്‍ക്കാലം അതിന്റെ തെളിവായി തെളിഞ്ഞൊഴുകി.
ഇത്തിരി ആകാശത്തിന് വേണ്ടിയുള്ള എത്രയെത്ര പോരാട്ടങ്ങള്‍. ചേതന, ബോധന, മാനുഷി, അന്വേഷി, സ്ത്രീവേദി, വിംങ്ങ്‌സ്, പെണ്‍കൂട്ട്, ഡബ്യു.സി.സി. അങ്ങിനെ എന്തൊക്കെ രൂപത്തില്‍. മൂന്നര പതിറ്റാണ്ടിന്റെ മായാത്ത ഓര്‍മ്മകളാണ് ഷീനയിലൂടെ തിങ്ങി വരുന്നത്.
ഷീന ഒരു തിളങ്ങുന്ന നക്ഷത്രമായിരുന്നു. അതങ്ങിനെത്തന്നെയായിരിക്കുകയും ചെയ്യും. എന്നും.
ഉടപ്പിറപ്പുകള്‍ വിട പറയാറില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Deedi Damodaran Writes about Sheena Jose