| Monday, 3rd June 2024, 5:57 pm

വിട്ടുവീഴ്ച ചെയ്താലേ സിനിമയില്‍ അവസരം കിട്ടൂവെന്നയിടത്ത് സ്ത്രീ പ്രാധിനിധ്യമില്ലെന്ന് പറയുന്നത് ഒരു അത്ഭുതമല്ല: ദീദി ദാമോദരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ വിജയമാകുന്ന ചിത്രങ്ങളില്‍ ഒന്നും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്ന ചര്‍ച്ചകള്‍ മുമ്പേ തന്നെ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നിരവധി ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇത് പോലെയുള്ള ഒരു ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. വിട്ടുവീഴ്ചകള്‍ക്ക് തയാറായാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കുള്ളൂ എന്ന സാഹചര്യമുള്ളപ്പോള്‍ ചില സിനിമകളില്‍ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നത് എങ്ങനെയാണ് അത്ഭുതമാകുന്നതെന്നും ദീദി ദാമോദരന്‍ ചോദിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഇത് പോലെയുള്ള ഒരു ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അതില്‍ അത്ഭുതം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം തൊഴിലിടത്ത് ഒരു കംപ്ലെയ്ന്റ് സെല്ലിനായി നേരത്തെ തന്നെ ഉള്ള ഒരു നിയമം പ്രാവര്‍ത്തികമാക്കാന്‍ ഡബ്ല്യു.സി.സി കേസ് നടത്തി വിജയിച്ചിട്ടും, ഇന്നും സെറ്റുകളില്‍ ഐ.സിയില്ല.

വിട്ടുവീഴ്ചകള്‍ക്ക് തയാറായാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുള്ളൂ എന്ന സാഹചര്യമുള്ളയിടത്ത്, ചില സിനിമകളില്‍ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നത് എങ്ങനെയാണ് അത്ഭുതമാകുന്നത്.

സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രക്രിയ സുതാര്യമാകണമെന്ന മിനിമം കണ്ടീഷന്‍ പോലുമില്ല. നിലനില്‍ക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നത് പരസ്യമാണ്. ഇങ്ങനെ ഒരിടത്ത് എങ്ങനെയാണ് ചില സിനിമകളില്‍ സ്ത്രീകള്‍ കുറവുണ്ടെന്ന് പറയുക.

അടിസ്ഥാനപരമായി സ്ത്രീയെ തുല്യമായി കാണാന്‍ പോലും തയാറല്ലാത്ത ഇന്‍ഡസ്ട്രിയില്‍ നിന്ന് അതല്ലാത്ത ഒന്നും പ്രതീക്ഷിക്കാനില്ല. സ്ത്രീകളുണ്ടെന്ന് പറയുന്ന സിനിമയില്‍ പോലും അവര്‍ നാമമാത്രമാവുകയോ തെറ്റായി ചിത്രീകരിക്കപ്പെടുകയോ ചെയ്യുന്നു. അതുകൊണ്ട് പെട്ടെന്ന് കുറച്ച് സിനിമകളില്‍ സ്ത്രീകളില്ലാതെ ആയെന്ന് പറയുന്നതില്‍ അര്‍ഥമില്ല.

അവകാശങ്ങളെ പറ്റി പറയാന്‍ തുടങ്ങിയപ്പോഴായിരിക്കും സ്ത്രീകള്‍ സിനിമയില്‍ നിന്നും ഇല്ലാതായത് എന്നാണ് ഇതിനൊപ്പം പറയാനുള്ളത്. കാരണം ഇപ്പോള്‍ പണ്ടത്തെ പോലെയല്ലെന്നും പരാതികള്‍ പുറത്ത് വരുമെന്നുമാവുമ്പോള്‍, എന്നാല്‍ പിന്നെ സ്ത്രീകളെ വേണ്ടെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ടാവും,’ ദീദി ദാമോദരന്‍ പറഞ്ഞു.

Content Highlight: Deedi Damodaran Talks About Womens In Malayalam Cinema

We use cookies to give you the best possible experience. Learn more