| Sunday, 24th April 2022, 1:11 pm

പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുന്നു, പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം; രാക്ഷസന്‍ തന്നെ ജയിച്ച് കൊള്ളണമെന്നില്ല: ദീദി ദാമോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍. തുടര്‍ന്നുപോരുന്ന കീഴ്‌വഴക്കം തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിലും ഉണ്ടായിരിക്കുന്നതെന്ന് ദീദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

പതിവ് പോലെ ഞെട്ടലില്ല, ഖേദമേയുള്ളു. കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുക ഈ പതിവ് മാതൃക, നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓര്‍മ്മയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുതല്‍ ഇത് കണ്ടതാണെന്നും ദീദി പറയുന്നു.

നീതി മുഖം മൂടിയിട്ട എത്രയോ കേസുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാക്കും എന്ന തോന്നല്‍ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മള്‍ അതിശയം കൊണ്ടു. എന്നാല്‍ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തില്‍ കൊടിയ അന്യായങ്ങള്‍ക്ക് ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞുവെന്നും ദീദി വ്യക്തമാക്കി.

‘കാരണം ഇത് ആണുങ്ങളുടെ ലോകമാണ്. കോടതിയിലായാലും പൊലീസിലായാലും രാഷ്ട്രീയ പാര്‍ട്ടിയിലായാലും. അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനല്‍ ചര്‍ച്ചകളില്‍ പോലും നീതിയുടെ വായടപ്പിക്കാന്‍ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്.

ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആണ്‍രാഷ്ട്രീയ പാര്‍ട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്‌കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവര്‍ക്ക് തോന്നുന്നത്.

നല്ല കാര്യം, അതിനോടൊക്കെ ഒരു നല്ല നമസ്‌കാരമേ പറയാനുള്ളു. എത്ര മൂടി വെച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും, നീതി നടപ്പായാലും ഇല്ലെങ്കിലും, അത് കനല്‍ പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. അത് അധികാരികള്‍ക്ക് സ്വസ്ഥത തരില്ല.

നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ. രമയും, നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലെ അതാണ് ലിംഗ രാഷ്ട്രീയം. അത് എല്ലാ വ്യവസ്ഥാപിത പാര്‍ട്ടികളുടെയും ഹൃസ്വദൃഷ്ടികള്‍ക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്‌ക്കേണ്ട.

ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങള്‍ പോരാട്ടം തുടരും. കഥകളില്‍ എന്ന പോലെ എന്നും രാക്ഷസന്‍ തന്നെ ജയിച്ച് കൊള്ളണമെന്നില്ലല്ലോ,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞത്. കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു.

സര്‍ക്കാര്‍ നടപടി കേസില്‍ തിരിച്ചടിയാവുമെന്ന് സി.പി.ഐ.എം നേതാവ് ആനി രാജയും കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടി നിരാശജനകമാണ്, നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

Content Highlights: Deedi Damodaran says about S Sreejith’s transfer

We use cookies to give you the best possible experience. Learn more