നടന്‍ വിനായകന്‍ പൊതുഇടത്തില്‍ വന്ന് ‘മീ ടൂ’വിനെതിരെ നടത്തിയ ‘വെര്‍ബല്‍ ഡയേറിയ’ കണ്ടിട്ടും എന്താ മിണ്ടാതിരിക്കുന്നത് എന്ന് ചോദിക്കുന്നു സുഹൃത്തുക്കള്‍.
വിനായകന്റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല. അതല്ലാതെ മറ്റെന്താണ് 1928 മുതല്‍ മലയാള സിനിമ ഉറക്കെ പറഞ്ഞും പറയാതെയും നടത്തിപോന്നത്?
2017ല്‍ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്.
വിനായകനോട് മറുത്തൊരു ചോദ്യം ചോദിക്കാതെ അമര്‍ന്നിരുന്ന മാധ്യമ സുഹൃത്തുക്കളുടെ മൗനത്തോടും അവരുടെ കൂട്ടച്ചിരി പ്രസരിപ്പിച്ച ആഭാസത്തോടും എനിക്ക് പരിഭവമില്ല. താരവും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയാല്‍ പരസ്യ വരുമാനത്തിന്റെ ഉറവിടമായ താരാധികാരത്തിനൊപ്പം നില്‍ക്കുന്ന പത്ര മുതലാളിയുടെ കടിഞ്ഞാണ്‍ ഒരു സ്ഥിരം തൊഴില്‍ പോലുമല്ലാത്ത പാവം മാധ്യമപ്രവര്‍ത്തകര്‍ക്ക് മേലുണ്ട് എന്നാര്‍ക്കാണ് അറിയാത്തത്.
എന്നാല്‍ ‘ഒരുത്തീ’ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍ അതിന്റെ രാഷ്ട്രീയത്തെ റദ്ദാക്കും വിധം വിനായകന്‍ പറയുന്നത് കേട്ട് ഒപ്പമിരുന്ന സുഹൃത്തും സംവിധായകനുമായ വി.കെ.പിയുടെ ചിരിയാണ് എന്നെ കൂടുതല്‍ അലോസരപ്പെടുത്തിയത്. വിനായകന്‍ കത്തിക്കയറി ‘മീ ടൂ’വിന്റെ തീച്ചൂളയില്‍ ദഹിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ മുഴുവന്‍ സ്ത്രീകളെയും ആവര്‍ത്തിച്ച് അപമാനിക്കുന്നത് കേട്ടിട്ടും ‘കട്ട്’ എന്ന് പറയാതെ ഒപ്പം കൂട്ടിരുന്ന ആ കുറ്റകൃത്യത്തിന്റെ പങ്കാളിത്തമാണ് എന്നെ വേദനിപ്പിച്ചത്.
നവ്യ എന്ന പ്രിയനായിക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘ഒരുത്തീ’ക്ക് വേണ്ടി നടത്തിയ അഭിമുഖങ്ങളിലെല്ലാം അവള്‍ ഉളളില്‍ വഹിക്കുന്ന തീയുടെ ചൂടുണ്ടായിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ട് രസിക്കുന്ന ആണഹങ്കാരത്തിന്റെ ധാര്‍ഷ്ട്യം കത്തിയാളുമ്പോള്‍ നവ്യ അഭിമുഖങ്ങളില്‍ കാണിച്ച പക്വമായ ആര്‍ജ്ജവം കാണിക്കാത്തതില്‍ ഖേദം തോന്നി.
നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റന്റെ ആ ഇരുപ്പുകളുണ്ടല്ലോ അതാണ് മലയാളസിനിമയിലെ സംഘടനകള്‍ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത്. അത് ശരിയല്ലാ എന്ന ഉത്തമ ബോധത്തിന്മേലാണ് WCCക്ക് കോടതി കയറേണ്ടി വന്നത്. മൗനം കൊണ്ടുള്ള അത്തരം endorsement ആ കൃത്യത്തോളം തന്നെ കുറ്റകരമാണ്.
Content Highlight: Deedi Damodaran fb post about Vinayakan’s comment on sexual consent and Me too, during the promotion of Oruthee movie