'സല്യൂട്ട് സര്‍,'; ഇത് രമേഷ് കുമാര്‍ ജല്ല, മന്ത്രിമാരും ഹിന്ദുത്വ സംഘടനകളും എതിര്‍ത്തിട്ടും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച കാശ്മീരി പൊലീസ് ഓഫീസര്‍
national news
'സല്യൂട്ട് സര്‍,'; ഇത് രമേഷ് കുമാര്‍ ജല്ല, മന്ത്രിമാരും ഹിന്ദുത്വ സംഘടനകളും എതിര്‍ത്തിട്ടും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച കാശ്മീരി പൊലീസ് ഓഫീസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th April 2018, 9:36 am

ശ്രീനഗര്‍: മനുഷ്യ മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയിട്ടും പ്രതികള്‍ക്കായി സംസ്ഥാനത്തെ ബി.ജെ.പി മന്ത്രമാരും തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തുവരുന്ന കാഴ്ചയ്ക്കാണ് കത്വാ സംഭവത്തിലൂടെ രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ത്രിവര്‍ണ്ണ പകാതയേന്തി ജയ് ശ്രീറാം മുഴക്കിയായിരുന്നു ഹിന്ദു ഏക്ത മഞ്ച് പ്രതികള്‍ക്കായി രംഗത്ത് വന്നത്.

എന്നാല്‍ സംസ്ഥാനത്ത് നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പുകളെല്ലാം അവഗണിച്ച് ക്രൈംബ്രാഞ്ച് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നത് രമേഷ് കുമാര്‍ ജല്ലയെന്ന ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ്. സംസ്ഥാനത്തെ രണ്ടു മന്ത്രിമാരും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും കേസെടുക്കാതിരിക്കാനും പ്രതികളെ കണ്ടെത്താതിരിക്കാനും തുടങ്ങി ഓരോ ഘട്ടത്തിലും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അതിനെയെല്ലാം അവഗണിച്ചായിരുന്നു നരേഷ് കുമാറിന്റെ അന്വേഷണസംഘം മുന്നേറിയത്.

ഹിന്ദു ഏകതാ മഞ്ച്, പ്രാദേശിക അഭിഭാഷകരുടെ അസോസിയേഷന്‍ തുടങ്ങിയ നിരവധി പേരായിരുന്നു എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. ജമ്മുകാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി അംഗങ്ങളായ ചൗധരി ലാല്‍ സിംഗ്, ചന്ദര്‍പ്രകാശ് ഗംഗ എന്നിവരായിരുന്നു റാലിയില്‍ പങ്കെടുത്തിരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പ്രാദേശിക ലോയേഴ്സ് അസോസിയേഷനും രംഗത്തുണ്ടായിരുന്നു. ഇവര്‍ തന്നെയാണ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയില്‍ കുറ്റപത്രം തടയുന്നതിനായും രംഗത്തെത്തിയിരുന്നത്.

കേസില്‍ ജമ്മു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുത്തതോടെയാണ് ശ്രദ്ധേയമായ വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. കോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തുദിവസം മുമ്പേയാണ് സംഘം കുറ്റപത്രം സമര്‍പ്പിച്ചിരികുന്നത്.


Dont Miss: മോദിയ്ക്ക് മുന്നൂ വര്‍ഷം മുന്നേ ഞാന്‍ വോട്ടു ചെയ്തിരുന്നു; ഈ സര്‍ക്കാരിനു വോട്ടുചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു’; സര്‍ക്കാരിനെതിരെ ജനരോഷമിരമ്പുന്നു

മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

നാലു പൊലീസുകാരും ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് സംഭവത്തില്‍ പ്രതികളെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. രസാനയിലെ വീട്ടില്‍ നിന്നും ജനുവരി 10 നാണ് എട്ടുവയസുകാരിയെ കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.