ഏലത്തിന് വിലയിടിയുന്നു കര്‍ഷകര്‍ ആശങ്കയില്‍
Big Buy
ഏലത്തിന് വിലയിടിയുന്നു കര്‍ഷകര്‍ ആശങ്കയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2013, 4:48 pm

ന്യൂദല്‍ഹി: ഏലത്തിന്റെ വിലയില്‍ നാള്‍ക്കുനാള്‍ തകര്‍ച്ച നേരിടുന്നു.  വിലയിടിവിനെ തുടര്‍ന്ന് ഏലം കര്‍ഷകര്‍ ദുരിതമനുഭിക്കുകയാണ്.

ഗ്വാട്ടിമാലയില്‍ നിന്ന് നിലവാരം കുറഞ്ഞ ഏലം കള്ളക്കടത്തിലൂടെ എത്തുന്നത് കൊണ്ടാണ് കേരളത്തിലെ ഏലത്തിന് വിലയിടിഞ്ഞതും കര്‍ഷകര്‍ ദുരിതത്തിലായതും.

ഇതിനിടെ ഏലത്തിന്  വിലവര്‍ദ്ധിച്ചെന്ന കേന്ദ്രവാണിജ്യവകുപ്പിന്റെ പ്രചരണം വ്യാപക പ്രതിഷേധത്തിനാണ് വഴിതെളിച്ചത്.[]

കിലോക്ക് 400 മുതല്‍ 600രൂപ വരെയാണ് കേരളത്തില്‍ ഇപ്പോള്‍ ഏലത്തിന് ലഭിക്കുന്നത്. എന്നാല്‍ കിലോക്ക് 751.28 രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

ഇത്തവണ സീസണില്‍ 200 ടണ്‍ ഗ്വാട്ടിമാല ഏലം എത്തിയെന്ന് വാണിജ്യവ്യവസായ വകുപ്പ് സഹമന്ത്രി ഡി.പുരന്ദരേശ്വരിയെ രാജ്യസഭാ എം.പി. ജോയ്എബ്രഹാമിനെ അറിയിച്ചത് ഇതിനകം വിവാദമായി.

നിലവാരം കുറഞ്ഞ ഗ്വാട്ടിമാല ഏലം രാജ്യത്ത് എത്തുന്നതിനാല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി നൂറ് ശതമാനം ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ജോയ്എബ്രഹാം ചോദ്യം ഉന്നയിച്ചെങ്കിലും ഗ്വാട്ടിമാല ഏലം പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്ന് തരത്തിലുള്ള മറുപടിയാണ് മന്ത്രി നല്‍കിയത്.

12,420 ടണ്‍ കഴിഞ്ഞ തവണ കര്‍ഷകര്‍ ഉത്പാദിപ്പിച്ചെന്നും രാജ്യത്ത് എത്തിയ 200 ടണ്‍ ഗ്വാട്ടിമാല ഏലം ഭീഷണിയല്ലെന്നും വാണിജ്യ വകുപ്പ് അവകാശപ്പെടുന്നു.

എന്നാല്‍ 200 ടണ്‍ എന്നത് തെറ്റായ കണക്കാണെന്നും രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ വഴി പതിന്മടങ്ങ് ഇരട്ടി ഗ്വാട്ടിമാല ഏലമാണ് രാജ്യത്ത് എത്തുന്നതെന്ന് വണ്ടന്‍മേട്  ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മാത്യു ഉതുപ്പ്  പറഞ്ഞു.

ഏലത്തെ വാണിജ്യവകുപ്പില്‍ നിന്ന് മാറ്റി കൃഷി വകുപ്പിന്റെ കീഴിലാക്കുകയോ പ്രത്യേക ബോര്‍ഡിന്റെ കീഴിലാക്കുകയോ ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.