തൃശൂര്‍: കേരളത്തിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വന്‍തോതില്‍ കുറവ്. കേരളത്തിന്റെ ഇപ്പോഴത്തെ ജനസംഖ്യ 3,34,06,061 ആണെന്ന് സംസ്ഥാന സെന്‍സസ് ഡയറക്ടര്‍ ഡോ. വി.എം. ഗോപാലമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരുമാണുള്ളതെന്ന് 2011ലെ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് കൊണ്ട് അദ്ദേഹം പറഞ്ഞു.
1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന തോതിലാണ് സ്ത്രീ പുരുഷ അനുപാതം.[]
മുന്‍ സെന്‍സസിനേക്കാള്‍ ഇത് 26 പോയന്റ് കൂടി. എല്ലാ ജില്ലകളിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍.
1000 പുരുഷന്മാര്‍ക്ക് 1136 സ്ത്രീകളുള്ള കണ്ണൂര്‍ ഒന്നാമതും 1006 സ്ത്രീകളുള്ള ഇടുക്കി അവസാനമായും നിലകൊള്ളുന്നു.
ജില്ലകളിലെ ജനസംഖ്യയില്‍ 41,12,920 പേരുള്ള മലപ്പുറം ഒന്നാമതും 8,17,420 ഉള്ള വയനാട് ഒടുവിലുമാണ്.
ജനസംഖ്യ വളര്‍ച്ചാ നിരക്കില്‍ വന്‍ കുറവാണ് ഈ സെന്‍സസ് രേഖപ്പെടുത്തുന്നത്. 2011 മാര്‍ച്ച് ഒന്നിനുള്ള വിവരങ്ങളനുസരിച്ച് ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് മുന്‍ ദശകത്തേക്കാള്‍ പകുതിയോളം കുറഞ്ഞ് 4.91 ശതമാനത്തില്‍ എത്തി.
1991 2001 വരെയുള്ള സെന്‍സസ് കാലഘട്ടത്തില്‍ ജനസംഖ്യ വളര്‍ച്ചാ നിരക്ക് 9.43 ശതമാനമായിരുന്നു. കൂടിയ വളര്‍ച്ചാനിരക്ക് മലപ്പുറത്തും (13.45) കുറഞ്ഞത് പത്തനംതിട്ട (2.97)യിലുമാണ്.
ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജനസംഖ്യ കുറഞ്ഞു. ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലടക്കം മധ്യതിരുവിതാംകൂറിലെ 12 താലൂക്കുകളിലും ജനസംഖ്യ കുറയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ ആകെ കുടുംബങ്ങളുടെ എണ്ണം 78,53,754 ആണ്. കുടംബങ്ങളുടെ ശരാശരി വലിപ്പം കുറഞ്ഞുവരുന്നു. 2001ല്‍ കുടുംബത്തിന്റെ ശരാശരി വലിപ്പം 4.7 ആയിരുന്നെങ്കില്‍ ഈ സെന്‍സസില്‍ 4.3 ആണ്. കുടുംബങ്ങളുടെ വലിപ്പത്തില്‍ ഒരു കുടുംബത്തില്‍ ശരാശരി 5.2 അംഗങ്ങളുള്ള മലപ്പുറം ഒന്നാമതും 3.7 പേരുള്ള പത്തനംതിട്ട ഒടുവിലുമാണ്.
ജനസാന്ദ്രത വര്‍ധിക്കുന്നതായി സെന്‍സസ് കാണിക്കുന്നു. 2001ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ താമസിച്ചിരുന്നത് 819 പേര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ 860 ആയി. ചതുരശ്ര കിലോമീറ്ററില്‍ 1508 പേര്‍ താമസിക്കുന്ന തിരുവനന്തപുരം ജില്ലയാണ് ജനസാന്ദ്രതയില്‍ ഒന്നാമത്. കുറവ് 255 പേര്‍ താമസിക്കുന്ന ഇടുക്കി.
നഗര ജനസംഖ്യയിലെ വര്‍ധനയാണ് ഈ സെന്‍സസില്‍ പ്രകടമായ പ്രധാന പ്രത്യേകതയെന്ന് ഗോപാല മേനോന്‍ ചൂണ്ടിക്കാട്ടി. ആകെ ജനസംഖ്യയുടെ 52 ശതമാനം പേര്‍ നഗരത്തിലാണ്. കേരളത്തില്‍ നഗരങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം 1,74,71,135 ആണ്.
2001ല്‍ 25.96 ശതമാനം മാത്രമുണ്ടായിരുന്ന നഗര ജനസംഖ്യയാണ് ഇരട്ടിയായി വര്‍ധിച്ചത്. എറണാകുളം ജില്ലയിലാണ് (68.06) നഗരത്തില്‍ ജീവിക്കുന്നവരുടെ എണ്ണം കൂടുതല്‍. കുറവ് വയനാട് (3.86 ).
കേരളത്തില്‍ ആറുവയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം 34,72,955 ആണ്. കുട്ടികളുടെ എണ്ണത്തില്‍ 5,74,041 കുട്ടികളുള്ള മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തും 92,324 കുട്ടികളുള്ള വയനാട് ജില്ല പിറകിലുമാണ്. കുട്ടികളുടെ എണ്ണത്തിലുള്ള വളര്‍ച്ചാ നിരക്ക് 8.44 ആണ്. മലപ്പുറം ജില്ലയില്‍ (4.08) മാത്രമാണ് കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. എന്നാലിത് മുന്‍ സെന്‍സസിനേക്കാള്‍ കുറവാണ്.
പത്തനംതിട്ട ജില്ലയിലാണ് കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുന്നത്. കുട്ടികളിലെ ആണ്‍ പെണ്‍ അനുപാതം കേരളത്തില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ്. 2001ല്‍ ഇത് 960 ആയിരുന്നു. അനുപാതം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും (976) കുറവ് തൃശൂരിലുമാണ് (950).