| Saturday, 15th October 2022, 10:47 am

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ഹോസ്റ്റലില്‍ നിന്നും കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖരഗ്പൂര്‍: ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ഹോസ്റ്റലില്‍ നിന്നും കണ്ടെത്തി.

ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഫൈസന്‍ അഹ്മദിന്റെ (23) മൃതദേഹമാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. അസമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ളയാളാണ് ഫൈസന്‍ അഹ്മദ്.

വെള്ളിയാഴ്ചയായിരുന്നു അഹ്മദിനെ മരിച്ച നിലയില്‍ കണ്ടത്.

ലാലാ ലജ്പത് റായ് ഹാളിലെ ഹോസ്റ്റലിലെ അഹ്മദിന്റെ അടച്ചിട്ട മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അടുത്ത മുറിയിലുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് വേണ്ടി അയച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ അടക്കമുള്ള വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയായിരുന്നു അഹ്മദ് ഹോസ്റ്റലിലേക്ക് താമസം മാറിയത്.

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി.
ടിന്‍സുകിയയില്‍ നിന്നുള്ള മിടുക്കനായ യുവ വിദ്യാര്‍ത്ഥി ഫൈസാന്‍ അഹ്മദിന്റെ മരണം നിര്‍ഭാഗ്യകരമാണെന്നും അഗാധമായ വേദനയുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, രാജ്യത്തെ വിവിധ ഐ.ഐ.ടികളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി മരണപ്പെടുന്ന സംഭവം ചര്‍ച്ചയായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിനായിരുന്നു ഐ.ഐ.ടി ഗുവാഹത്തിയിലെ 20കാരനായ ഒരു വിദ്യാര്‍ത്ഥിയെ സമാനമായ രീതിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കാരണം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഐ.ഐ.ടി ഹൈദരാബാദിലെ ഒരു വിദ്യാര്‍ത്ഥിയെയും സെപ്റ്റംബര്‍ ഏഴിന് ആത്മഹത്യ ചെയ്ത നിലയില്‍ ക്യാമ്പസിന് സമീപം കണ്ടെത്തിയിരുന്നു. രാജസ്ഥാന്‍ സ്വദേശിയായിരുന്നു വിദ്യാര്‍ത്ഥി.

Content Highlight: Decomposed body of IIT Kharagpur student found in hostel room

We use cookies to give you the best possible experience. Learn more