| Friday, 1st December 2023, 4:31 pm

ഖത്തര്‍ ലോകകപ്പില്‍ മെസിയെ പോലൊരു താരം പോര്‍ച്ചുഗലിന് ഇല്ലായിരുന്നു; വെളിപ്പെടുത്തലുമായി പോര്‍ച്ചുഗീസ് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പ് പോര്‍ച്ചുഗലിന് നേടാന്‍ സാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പോര്‍ച്ചുഗീസ് മുന്‍ താരമായ ഡെക്കോ.

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പോലൊരു താരം പോര്‍ച്ചുഗലില്‍ ഇല്ലാതെ പോയതാണ് പോര്‍ച്ചുഗലിന് ലോകകപ്പ് നേടാന്‍ സാധിക്കാത്തതെന്നാണ് ഡെക്കോ പറഞ്ഞത്.

‘അര്‍ജന്റീന ലോകകപ്പ് നേടിയത് അവര്‍ക്ക് മെസി ഉള്ളതുകൊണ്ടാണ്. പോര്‍ച്ചുഗലിന് മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മികച്ച ഒരു യുവ തലമുറയില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് മെസിയെ പോലൊരു താരമില്ലായിരുന്നു,’ ഡെക്കോ അല്‍ബിസെലെസ്റ്റെ ടോക്കിന് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിനിരന്നിട്ടും ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താവുകയായിരുന്നു. റൊണാള്‍ഡോക്ക് ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് നേടാനായത്. ഒരുപിടി മികച്ച സ്‌ക്വാഡ് ലോകകപ്പില്‍ പോര്‍ച്ചുഗലിന് ഉണ്ടായിരുന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു പുറത്താവുകയായിരുന്നു പോര്‍ച്ചുഗല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളായ ബെര്‍ണാഡോ സില്‍വ , ബ്രൂണോ ഫെര്‍ണാണ്ടസ് , റൂബന്‍ ഡയസ്, ജോവോ ഫെലിക്‌സ് , ജോവോ കാന്‍സെലോ എന്നീ മികച്ച പ്രതിഭകള്‍ ഉണ്ടായിരുന്നിട്ടും പോര്‍ച്ചുഗലിന് ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം അര്‍ജന്റീന 1986ന് ശേഷം തങ്ങളുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കുകയായിരുന്നു. ഫ്രാന്‍സിനെതിരെയുള്ള ഫൈനലില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടുകയും അവസാനം പെനാല്‍ട്ടി  വിധിയെഴുതിയ മത്സരം അര്‍ജന്റീന വിജയിക്കുകയായിരുന്നു.

ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ലയണല്‍ മെസി. ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.

Content Highlight: Deco talks why Portugal didn’t won 2022 fifa world cup 2022.

We use cookies to give you the best possible experience. Learn more