| Tuesday, 4th July 2023, 8:21 am

'ഞങ്ങള്‍ ലോകകപ്പ് നേടിയില്ല, കാരണം ഞങ്ങള്‍ക്ക് മെസിയില്ല'; ഡെക്കോയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് 2022ല്‍ അര്‍ജന്റീന കപ്പ് നേടിയത് ലയണല്‍ മെസിയുടെ സാന്നിധ്യത്തിലെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ഡെക്കോ. പോര്‍ച്ചുഗലില്‍ നിരവധി മികച്ച താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ മെസിയെ പോലൊരാള്‍ ടീമിലില്ലെന്നും ഡെക്കോ പറഞ്ഞു. അര്‍ജന്റൈന്‍ ഔട്ട്‌ലെറ്റായ ടി.ആര്‍ സ്‌പോര്‍ട്ട്‌സിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അര്‍ജന്റീന ലോകകപ്പ് നേടിയത് അവര്‍ക്ക് മെസി ഉള്ളതുകൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ച്, പോര്‍ച്ചുഗലില്‍ പുതിയ തലമുറയിലുള്ള നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും മെസിയെ പോലൊരാള്‍ ഇല്ല,’ ഡെക്കോ പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മികവ് പുലര്‍ത്താനായിരുന്നില്ല. ടൂര്‍ണമെന്റിന്‍ ആകെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ഗോളായിരുന്നു താരത്തിന്റെ സമ്പാദ്യം. നോക്കൗട്ട് ഘട്ടത്തില്‍ രണ്ട് മത്സരങ്ങളില്‍ റോണോയെ പോര്‍ച്ചുഗല്‍ പരിശീലകന്‍ ബെഞ്ചിലിരുത്തുകയും ചെയ്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോല്‍വി വഴങ്ങിയ ടീം പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു.

അതേസമയം, 1986ന് ശേഷം ആദ്യമായി അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിക്കൊണ്ടാണ് അര്‍ജന്റീന തുടങ്ങിയതെങ്കിലും തുടര്‍ന്നങ്ങോട്ട് അപരാജിത കുതിപ്പ് നടത്തി വിശ്വകിരീടമുയര്‍ത്താന്‍ ആല്‍ബിസെലസ്റ്റക്ക് സാധിച്ചിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനോട് 3-3ന്റെ സമനില വഴങ്ങിയ ടീം അര്‍ജന്റീന അധിക സമയത്തെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ജയമുറപ്പിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും നേടിയ മെസി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Deco praises Lionel Messi

We use cookies to give you the best possible experience. Learn more