'അദ്ദേഹം ടെക്‌നിക്കലി ഗിഫ്റ്റഡ് കളിക്കാരനാണ്'; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ മുന്‍ താരം
Football
'അദ്ദേഹം ടെക്‌നിക്കലി ഗിഫ്റ്റഡ് കളിക്കാരനാണ്'; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th August 2023, 4:20 pm

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം ഡ്രസിങ് റൂം പങ്കുവെച്ച വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗലിന്റെ മുന്‍ മിഡ് ഫീല്‍ഡര്‍ ഡെക്കോ. പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച താരം ബാഴ്സലോണ എഫ്.സിയില്‍ ലയണല്‍ മെസിക്കൊപ്പവും ബൂട്ടുകെട്ടിയിട്ടുണ്ട്.

മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് താരം. മെസിയാണ് ഗോട്ട് എന്നുപറഞ്ഞ ഡെക്കോ ടെക്നിക്കലി ഗിഫ്റ്റഡ് ആയ കളിക്കാരെ തനിക്കിഷ്ടമാണ് അതാണ് മെസിയോടുള്ള ആരാധനക്ക് കാരണമെന്നും വ്യക്തമാക്കി.

‘അവര്‍ രണ്ടുപേരും സുഹൃത്തുക്കളാണ്. അതിലൊരാളെ തെരഞ്ഞെടുക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഇത് വളരെ പഴക്കം ചെന്ന വിഷയമാണ്, ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ടതുണ്ട്.

ഞാനെപ്പോഴും പറയാറുണ്ട്, നിങ്ങള്‍ മെസിയെ കുറിച്ച് വിശകലനം ചെയ്യാന്‍ തുടങ്ങിയാല്‍ ക്രിസ്റ്റ്യാനോ ഒന്നുമല്ലെന്ന് തോന്നും. ഇനി നേരെ തിരിച്ച് ചെയ്യുകയാണേല്‍ മെസി ഒന്നുമല്ലെന്ന് തോന്നും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവര്‍ രണ്ടുപേരെയും റൊണാള്‍ഡോ നസാരിയോട് താരതമ്യം ചെയ്യാം. അദ്ദേഹത്തിന്റെ കളി ശൈലി അത്തരത്തിലായിരുന്നു. മെസിയും റോണോയും വ്യത്യസ്തരായ രണ്ട് കളിക്കാരാണ്.

എനിക്ക് ടെക്നിക്കല്‍ പ്ലെയേഴ്സിനെ ഒരുപാടിഷ്ടമാണ്. മറഡോണയെയും സിക്കോയെയും നെഞ്ചിലേറ്റുന്ന ഒരു തലമുറയിലാണ് ഞാന്‍ വളര്‍ന്നത്. മുന്‍ നിരയില്‍ നിന്ന് അറ്റാക്കിങ് മാത്രം നടത്തുന്ന താരങ്ങളെക്കാള്‍ ടെക്നിക്കല്‍ ജനറേഷണല്‍ ക്വാളിറ്റികള്‍ ഉള്ള താരങ്ങളെയാണ് എനിക്കിഷ്ടം. അതുകൊണ്ട് മെസിയാണ് മികച്ചതെന്ന് ഞാന്‍ പറയും,’ ഡെക്കോ പറഞ്ഞു.

ബാഴ്സലോണ എഫ്.സിയില്‍ മെസിക്കൊപ്പം 79 മത്സരങ്ങളാണ് ഡെക്കോ കളിച്ചത്. പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ റൊണാള്‍ഡോക്കൊപ്പം 57 മത്സരങ്ങളിലും ഡെക്കോ ബൂട്ടുകെട്ടി.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായി അല്‍ നസര്‍ അറബ് കപ്പില്‍ മുത്തമിട്ടിരുന്നു. റോണോയുടെ ഇരട്ട ഗോളിന്റെ മികവിലാണ് അല്‍ നസര്‍ ചാമ്പ്യന്മാരായത്.

അതേസമയം, മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് ഇന്റര്‍ മയാമിക്കായി കാഴ്ചവെക്കുന്നത്. ലീഗ്‌സ് കപ്പില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ താരം അക്കൗണ്ടിലാക്കി കഴിഞ്ഞു. ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്‌സ് കപ്പില്‍ ഫിലാഡല്‍ഫിയയെ കീഴ്പ്പെടുത്തി ഇന്റര്‍ മയാമി ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്.

Content Highlights: Deco praises Lionel Messi