Advertisement
Football
ഞങ്ങള്‍ക്ക് നിരവധി താരങ്ങളുണ്ട്, പക്ഷെ മെസിയെ പോലൊരാള്‍ ഇല്ല: പോര്‍ച്ചുഗല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 17, 04:29 pm
Monday, 17th July 2023, 9:59 pm

ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് 2022ല്‍ അര്‍ജന്റീന കപ്പ് നേടിയത് ലയണല്‍ മെസിയുടെ സാന്നിധ്യത്തിലെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ഡെക്കോ. പോര്‍ച്ചുഗലില്‍ നിരവധി മികച്ച താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ മെസിയെ പോലൊരാള്‍ ടീമിലില്ലെന്നും ഡെക്കോ പറഞ്ഞു. അര്‍ജന്റൈന്‍ ഔട്ട്ലെറ്റായ ടി.ആര്‍ സ്പോര്‍ട്ട്സിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അര്‍ജന്റീന ലോകകപ്പ് നേടിയത് അവര്‍ക്ക് മെസി ഉള്ളതുകൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ച്, പോര്‍ച്ചുഗലില്‍ പുതിയ തലമുറയിലുള്ള നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും മെസിയെ പോലൊരാള്‍ ഇല്ല,’ ഡെക്കോ പറഞ്ഞു.

1986ന് ശേഷം ആദ്യമായി അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിക്കൊണ്ടാണ് അര്‍ജന്റീന തുടങ്ങിയതെങ്കിലും തുടര്‍ന്നങ്ങോട്ട് അപരാജിത കുതിപ്പ് നടത്തി വിശ്വകിരീടമുയര്‍ത്താന്‍ ആല്‍ബിസെലസ്റ്റക്ക് സാധിച്ചിരുന്നു.

ഫൈനലില്‍ ഫ്രാന്‍സിനോട് 3-3ന്റെ സമനില വഴങ്ങിയ ടീം അര്‍ജന്റീന അധിക സമയത്തെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ജയമുറപ്പിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും നേടിയ മെസി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

അതേസമയം, യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്. ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്‌സിയിലാണ് മെസി കളിക്കുക.

Content Highlights: Deco praises Lionel Messi