ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കുമൊപ്പം ഡ്രസിങ് റൂം പങ്കുവെച്ച വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗലിന്റെ മുന്‍ മിഡ് ഫീല്‍ഡര്‍ ഡെക്കോ. പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച താരം ബാഴ്‌സലോണ എഫ്.സിയില്‍ ലയണല്‍ മെസിക്കൊപ്പവും ബൂട്ടുകെട്ടിയിട്ടുണ്ട്.
മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്തിരിക്കുകയാണ് താരം. മെസിയാണ് ഗോട്ട് എന്നുപറഞ്ഞ ഡെക്കോ ടെക്‌നിക്കലി ഗിഫ്റ്റഡ് ആയ കളിക്കാരെ തനിക്കിഷ്ടമാണ് അതാണ് മെസിയോടുള്ള ആരാധനക്ക് കാരണമെന്നും വ്യക്തമാക്കി. ബ്രസീലിയന്‍ ചാനലായ കാര എ ടാപ്പയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെക്കോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അവര്‍ രണ്ടുപേരും സുഹൃത്തുക്കളാണ്. അതിലൊരാളെ തെരഞ്ഞെടുക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ഇത് വളരെ പഴക്കം ചെന്ന വിഷയമാണ്, ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ടതുണ്ട്.
ഞാനെപ്പോഴും പറയാറുണ്ട്, നിങ്ങള്‍ മെസിയെ കുറിച്ച വിശകലനം ചെയ്യാന്‍ തുടങ്ങിയാല്‍ ക്രിസ്റ്റ്യാനോ ഒന്നുമല്ലെന്ന് തോന്നും. ഇനി നേരെ തിരിച്ച് ചെയ്യുകയാണേല്‍ മെസി ഒന്നുമല്ലെന്ന് തോന്നും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവര്‍ രണ്ടുപേരെയും റൊണാള്‍ഡോ നസാരിയോട് താരതമ്യം ചെയ്യാം. അദ്ദേഹത്തിന്റെ കളി ശൈലി അത്തരത്തിലായിരുന്നു. മെസിയും റോണോയും വ്യത്യസ്തരായ രണ്ട് കളിക്കാരാണ്.
എനിക്ക് ടെക്‌നിക്കല്‍ പ്ലെയേഴ്‌സിനെ ഒരുപാടിഷ്ടമാണ്. മറഡോണയെയും സിക്കോയെയും നെഞ്ചിലേറ്റുന്ന ഒരു തലമുറയിലാണ് ഞാന്‍ വളര്‍ന്നത്. മുന്‍ നിരയില്‍ നിന്ന് അറ്റാക്കിങ് മാത്രം നടത്തുന്ന താരങ്ങളെക്കാള്‍ ടെക്‌നിക്കല്‍ ജെനറേഷണല്‍ ക്വാളിറ്റികള്‍ ഉള്ള താരങ്ങളെയാണ് എനിക്കിഷ്ടം. അതുകൊണ്ട് മെസിയാണ് മികച്ചതെന്ന് ഞാന്‍ പറയും,’ ഡെക്കോ പറഞ്ഞു.
ബാഴ്‌സലോണ എഫ്.സിയില്‍ മെസിക്കൊപ്പം 79 മത്സരങ്ങളാണ് ഡെക്കോ കളിച്ചത്. പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ റൊണാള്‍ഡോക്കൊപ്പം 57 മത്സരങ്ങളിലും ഡെക്കോ ബൂട്ടുകെട്ടി.