ഹൈസാബാദ്: അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച വിമാനകമ്പനികള്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്.
ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി ഇപ്പോള്‍ പുറത്തുവരികയാണ്. അയോധ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് പുറമെ ട്രെയിന്‍, ബസ് സര്‍വീസുകളും ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നഗരത്തിലേക്കുള്ള വിമാനങ്ങള്‍, ട്രെയിനുകള്‍, ബസ് സര്‍വീസുകള്‍ എന്നിവയില്‍ ഗണ്യമായ കുറവുകളാണ് രേഖപ്പെടുത്തുന്നത്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസുകളുടെ എണ്ണം വെട്ടിക്കുറച്ചതും യാത്രക്കാരുടെ ഒഴുക്ക് കുറയുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ഡിമാന്‍ഡ് കുറവായതിനാല്‍ ഹൈദരാബാദ്, ബെംഗളൂരു, പട്ന എന്നിവിടങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ്
സ്പൈസ് ജെറ്റ് അവസാനിപ്പിച്ചിരുന്നു. സര്‍വീസ് ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ തീരുമാനം.
2024 ഏപ്രിലില്‍, സ്പൈസ് ജെറ്റ് ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് ആരംഭിച്ചിരുന്നു. അവസാന വിമാനം ജൂണ്‍ ഒന്നിന് ആയിരുന്നു സര്‍വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് തുടരുന്നുണ്ട്. അയോധ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അയാധ്യയിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിച്ചത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിനുകളാണ് ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അതേസമയം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ അയോധ്യ ധാം, അയോധ്യ കാന്റ്റ് സ്റ്റേഷനുകളില്‍ പ്രതിദിനം എത്തുന്നുണ്ട്.
മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിനുകള്‍ക്ക് വലിയ ഡിമാന്റ് ഉണ്ടായിരുന്നെങ്കിലും അതിനുശേഷം കുറവുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള ബസ് സര്‍വീസുകളും കുറച്ചിട്ടുണ്ട്. നിലവില്‍ 396 റോഡ് വേ ബസുകള്‍ സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
നിലവില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ജനുവരി 22-ലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യയിലേക്ക് വലിയ തോതില്‍ ആളുകള്‍ എത്തിയിരുന്നു.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഏകദേശം 1.5 ലക്ഷം ആളുകള്‍ ദിവസേന എത്തിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ടൂര്‍ പാക്കേജുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഏപ്രിലോടെ ആളുകളുടെ എണ്ണം കുറഞ്ഞു, ഏപ്രില്‍ മുതല്‍ മെയ് വരെ ഏകദേശം ഒരു ലക്ഷം ആളുകള്‍ മാത്രമാണ് അയോധ്യ സന്ദര്‍ശിച്ചത്.
അതേസമയം കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ട കടുത്ത ചൂടാണ് തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് രാമജന്മഭൂമി ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതോടെ ഭക്തരുടെ എണ്ണം കൂടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ എണ്ണം കുറഞ്ഞതോടെ അയോധ്യയിലെ ഹോട്ടലുടമകളും തങ്ങളുടെ ബിസിനസില്‍ ഇടിവ് വന്നതായി പറയുന്നുണ്ട്. നിലവില്‍ അയോധ്യയില്‍ എത്തുന്നത് അയല്‍ജില്ലകളില്‍ നിന്നുള്ള പ്രദേശവാസികളാണ്, അവര്‍ അയോധ്യയില്‍ എത്തി അതേ ദിവസം തന്നെ തിരിച്ചുപോകുന്നവരാണ്.
‘വിമാന ചിലവ് താങ്ങാന്‍ കഴിയുന്ന ആളുകള്‍ രാവിലെ വിമാനങ്ങളില്‍ എത്തുകയും പകല്‍ ദര്‍ശനം നടത്തി വൈകുന്നേരത്തോടെ തിരിച്ചു പോകുകയുമാണ്. ഹനുമാന്‍ഗര്‍ഹിയും രാം മന്ദിറും സന്ദര്‍ശിക്കുന്നതല്ലാതെ അയോധ്യയില്‍ ഭക്തര്‍ക്ക് കാര്യമായൊന്നും കാണാനില്ലാത്തതിനാല്‍ അവര്‍ അവിടെ തങ്ങാന്‍ ആഗ്രഹിക്കുന്നില്ല,’ ഫൈസാബാദ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹിയായ ശരദ് കപൂര്‍ പറഞ്ഞു.
Content Highlight: Decline In Travel To Ayodhya: Reduced Flights, Trains, And Buses