ന്യൂദല്‍ഹി: രാജ്യത്ത് അടിവസ്ത്ര വില്‍പ്പനയില്‍ വന്‍ തകര്‍ച്ചയാണ് ഈ അടുത്തകാലത്ത് ഉണ്ടായിട്ടുള്ളതെന്നാണ് വിവിധ അടിവസ്ത്ര നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ജീവിതത്തിലിന്നുവരെ താനിതുപോലൊരു തകര്‍ച്ച അഭിമുഖീകരിച്ചിട്ടില്ലെന്നാണ് ഡോളര്‍ ഇന്റസ്ട്രീസിന്റെ മാനേജര്‍ ഡയറക്ടറായ വിനോദ് കുമാര്‍ ഗുപ്ത പറയുന്നത്.
‘ അടിവസ്ത്ര വില്പനയില്‍ ഇത്രയും വലിയ തകര്‍ച്ച എന്റെ കരിയറില്‍ ഇന്നുവരെ നേരിട്ടിട്ടില്ല.’ അദ്ദേഹം പറയുന്നു. വരുന്ന ആഘോഷ സീസണുകളും ശൈത്യകാലവും വലിയൊരു പരീക്ഷണം തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ചൊരു മേഖലയിലല്ല, രാജ്യമെമ്പാടും ഈ തകര്‍ച്ച പ്രകടമാണെന്നും അദ്ദേഹം പറയുന്നു. സീസണുകളില്‍ ആവശ്യക്കാര്‍ ഏറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനോദ് കുമാര്‍ പറയുന്നു.
കൂടുതല്‍ പ്രമോഷനിലൂടെയും മാര്‍ക്കറ്റിങ്ങിലൂടെയും തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുകയാണ് തങ്ങളെന്നാണ് റുപ ആന്റ് കോ ഡയറക്ടര്‍ രമേഷ് അഗര്‍വാള്‍ പറയുന്നത്.
‘കമ്പനിക്ക് വലിയ സാന്നിധ്യമില്ലാത്ത മേഖലകളില്‍ വില്പന വര്‍ധിപ്പിച്ചുകൊണ്ട് തകര്‍ച്ച കുറയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’ അദ്ദേഹം പറയുന്നു.
റുപ പ്രധാനമായും ഹോള്‍സെയില്‍ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റീട്ടെയ്ല്‍ വില്‍പ്പനയില്‍ കൂടി ശ്രദ്ധിച്ച് തകര്‍ച്ച നേരിടാനാണ് തീരുമാനമെന്നും അഗര്‍വാള്‍ പറഞ്ഞു. റീട്ടെയ്‌ലര്‍മാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും പണം ലഭിക്കുന്നത് വൈകുന്നതും കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.