ന്യൂദല്‍ഹി: രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ ലക്ഷ്യമിട്ടു എന്നാരോപിച്ച് 10 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രധിഷേധിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സംശയത്തിന്റെ നിഴലിലുള്ളവരെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് അപക്വമാണെന്നായിരുന്നു പി.ഡി.പി നേതാവിന്റെ നിലപാട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടേയും അര്‍ബന്‍ നക്‌സല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയ്ക്കും നടന്ന റെയ്ഡ് സംശയം ഉളവാക്കുന്നതായും മെഹ്ബൂബ പറഞ്ഞു.
“രാജ്യസുരക്ഷയാണ് ഏറ്റവും വലുത്. എന്നാല്‍ ആഘോഷവേളയില്‍ ഉപയോഗിക്കുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തില്‍ ആളുകളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നതും, അവരെ ഐ.എസുമായി ബന്ധപ്പെടുത്തുന്നതും അപക്വമാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ തന്നെ അവരുടെ കുടുംബങ്ങളേയും ജീവിതത്തേയും തകര്‍ത്തിട്ടുണ്ട്. കുറ്റാരോപിതര്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരപരാധികളാണെന്ന് തെളിഞ്ഞ സംഭവങ്ങളില്‍ നിന്നും എന്‍.ഐ.എ പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്”- മെഹ്ബൂബ ട്വീറ്റ് ചെയ്തു. രാജ്യ സുരക്ഷ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് നീതിയുക്തമായി കൈകാര്യം ചെയ്യേണ്ടതാണെന്നും ഒരു പ്രത്യേക സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടാവരുതെന്നും മെഹ്ബൂബ പറഞ്ഞു.
ഡിസംബര്‍ 26നാണ് ഐ.എസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഹര്‍കതുള്‍ ഹര്‍ബെ ഇസ് ലാം എന്ന സംഘടനയില്‍ പെട്ട പത്തു പേരെ വിവിധ പട്ടണങ്ങളില്‍ നിന്നായി എന്‍.ഐ.എ അറസ്റ്റു ചെയ്തത്. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി എന്‍.ഐ.എ പറഞ്ഞിരുന്നു.
ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും 17 ഇടങ്ങളിലായി നടത്തിയ തിരച്ചിലില്‍ 12 തോക്കുകളും, 150 റൗണ്ട് തിരകളും, പ്രാദേശികമായി നിര്‍മ്മിച്ച റോക്കറ്റ് ലോഞ്ചറും പിടിച്ചെടുത്തതായി എന്‍.ഐ.എ പറഞ്ഞിരുന്നു.
നേരത്തെ റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പറഞ്ഞ് എന്‍.ഐ.എ പുറത്തു വിട്ട ചിത്രങ്ങളിലെ ആുധങ്ങള്‍ നാടന്‍ തോക്കുകളും ദിപാവലിക്കുവരെ ഉപയോഗിക്കാറുള്ള ശക്തികുറഞ്ഞ ബോംബുകളുമാണെന്നാണ് ചൂണ്ടിക്കാട്ടി മാധ്യപ്രവര്‍ത്തകരടക്കം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം എന്‍.ഐ.എയുടെ ഇടപെടലിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, രാജ്‌നാഥ് സിങ്ങ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.