വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കേന്ദ്രത്തോട് രാഹുൽ ഗാന്ധി
keralanews
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: കേന്ദ്രത്തോട് രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2024, 5:16 pm

ന്യൂദൽഹി: വയനാട് മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

വയനാടിന് സമഗ്രമായ പുനരധിവാസ പാക്കേജ് നൽകണമെന്നും അതോടൊപ്പം ദുരിതബാധിതർക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

‘വയനാട്ടിൽ ഒരു വലിയ ദുരന്തമുണ്ടായി അതിനെക്കുറിച്ച് സംസാരിക്കാനും പ്രസ്താവന നടത്താനും അനുവദിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ എൻ്റെ സഹോദരിയോടൊപ്പം വയനാട് സന്ദർശിച്ചു. ദുരന്തത്തിൻ്റെ ഫലമായുണ്ടായ നാശ നഷ്ടത്തിന്റെ വ്യാപ്തിയും അവിടുത്തെ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും നേരിട്ട് കണ്ടു.

200-ലധികം ആളുകൾ മരിച്ചു, പലരെയും കാണാതായിട്ടുണ്ട്. എന്നാൽ ആത്യന്തികമായി അപകടങ്ങളുടെ എണ്ണം 400-ലധികമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതിനാൽ വയനാടിന്റെ പുനരധിവാസത്തിന് സമഗ്രമായ പുനരധിവാസ പാക്കേജ് നൽകുകയും ദുരിതബാധിതർക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കുകയും വേണം , ‘ രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ വരെ വയനാട് എം.പിയായിരുന്ന കോൺഗ്രസ് നേതാവ് ഓഗസ്റ്റ് ഒന്നിന് തന്റെ സഹോദരി പ്രിയങ്ക ഗാന്ധി വദ്രയോടൊപ്പം വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം സന്ദർശിച്ചിരുന്നു.

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തിന് ദേശീയ ദുരന്തം എന്ന ടാഗ് ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാനും സാമ്പത്തിക സഹായം തേടാനുമാണ്.

ദേശീയ ദുരന്ത നിവാരണ നയം 2009 അനുസരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് ദുരന്തത്തെക്കുറിച്ച് പഠിക്കും. തുടർന്ന് ദുരന്തത്തിന്റെ വ്യാപ്തിക്കനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ട് അല്ലെങ്കിൽ നാഷണൽ കാലമിറ്റി കണ്ടിൻജൻസി ഫണ്ടിൽ നിന്നോ ആവശ്യത്തിനുള്ള സഹായം നൽകാൻ ശുപാർശ ചെയ്യുന്നു.

ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രി, ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ എന്നിവർ അംഗങ്ങളായുള്ള ഉന്നത തല സമിതി കേന്ദ്രത്തിൽ നിന്നുള്ള ധന സഹായം നൽകുക.

മുണ്ടക്കൈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 365 പേർക്കാണെന്നാണ് ഇത് വരെ പുറത്ത് വന്ന റിപ്പോർട്ട്. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. മരണപ്പെട്ടവരില്‍ തിരിച്ചറിയാനാകാത്തവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും സംസ്‌കരിച്ച് തുടങ്ങിയിട്ടുണ്ട്.

അതേസമയം ഒരാഴ്ചക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് തുറന്നത്.

 

 

 

Content Highlight: Declare Wayanad Landslide Mishap as ‘National Disaster’: Rahul Gandhi to Centre