ന്യൂദല്‍ഹി: ശരിഅത്ത് കോടതികളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയുമായി മുസ്‌ലിം സ്ത്രീകള്‍ സുപ്രീം കോടതിയില്‍. മുസ്‌ലിം വിഭാഗക്കാരുടെ വിവാഹം, വിവാഹമോചനം തുടങ്ങി മറ്റു വിഷയങ്ങളടക്കം കൈകാര്യം ചെയ്യാനായി സ്ഥാപിക്കപ്പെടുന്ന ശരിഅത്ത് കോടതികള്‍ക്കെതിരെയാണ് പരാതി. ഹരജി പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടുണ്ട്.
മുസ്‌ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാലാ തുടങ്ങിയ ആചാരങ്ങള്‍ക്കതിരെ നിലവിലുള്ള ഹരജിയില്‍ കക്ഷിചേരാന്‍ ഹരജിക്കാരിയായ സിക്രയോട് സുപ്രീം കോടതി ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സുന്നി മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലവിലുള്ള മുത്തലാഖ് നിരോധിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിക്കാഹ് ഹലാലയുടേയും ബഹുഭാര്യാത്വത്തിന്റെയും ഭരണഘടനാപരമായ സാധുത പരിശോധിക്കാനായി അഞ്ചംഗ ബെഞ്ചിനെയും നിയോഗിച്ചിരുന്നു.
മുത്തലാഖിനെ സെക്ഷന്‍ 498എയ്ക്കു കീഴില്‍ “ക്രൂരകൃത്യ”മായി പ്രഖ്യാപിക്കണമെന്നും, നിക്കാഹ് ഹലാലാ, നിക്കാഹ് മുതാ, നിക്കാഹ് മിസ്യാര്‍ എന്നിവ സെക്ഷന്‍ 375നു കീഴില്‍ ബലാത്സംഗമായി കണക്കാക്കണമെന്നും സിക്രയുടെ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമപ്രകാരം നിക്കാഹ് ഹലാലായും ബഹുഭാര്യാത്വവും അനുവദനീയമാണ്.
“മുസ്‌ലിങ്ങള്‍ക്കിടയിലെ വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവ തീരുമാനിക്കാന്‍ ശരിഅത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള നീക്കം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണ”മെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
മറ്റേത് വ്യക്തിനിയമവും പോലെ മുസ്‌ലിം വ്യക്തിനിയമവും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് അധീനമാണ്. ഈ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ഏതു ഭാഗവും സാധുതയില്ലാത്തതായി പ്രഖ്യാപിക്കേണ്ടതുണ്ട്. നിക്കാഹ് ഹലാലയും നിക്കാഹ് മുതാ, നിക്കാഹ് മിസ്യാര്‍, ബഹുഭാര്യാത്വം എന്നിവ വ്യവസ്ഥിതിക്കും ധാര്‍മികതയും ആരോഗ്യം എന്നിവയ്‌ക്കെതിരാണ് – സിക്ര പറയുന്നു.