| Monday, 3rd October 2016, 10:10 am

പാക്ക് ഭീകരതയ്‌ക്കെതിരായ ഒപ്പുശേഖരണത്തിന് വ്യാപക പിന്തുണ; യു.എസില്‍ അഞ്ചുലക്ഷത്തിലേറെപ്പേര്‍ ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസില്‍ അഞ്ചുലക്ഷത്തിലേറെപ്പേരും യു.കെയില്‍ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഓണ്‍ലൈനില്‍ ഒപ്പുവച്ചു.


വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിലും യു.കെയിലും നടക്കുന്ന ഒപ്പുശേഖരണത്തിന് വ്യാപക പിന്തുണ.

യു.എസില്‍ അഞ്ചുലക്ഷത്തിലേറെപ്പേരും യു.കെയില്‍ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഓണ്‍ലൈനില്‍ ഒപ്പുവച്ചു.

യു.എസില്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള ഹര്‍ജിയില്‍ അഞ്ചു ലക്ഷം പേര്‍ ഒപ്പിടുന്നത് റെക്കോര്‍ഡാണ്. വൈറ്റ്ഹൗസ് പെറ്റീഷന്‍ എന്നറിയപ്പെടുന്ന ഇത്തരമൊരു ഹര്‍ജിക്ക് മറുപടി ലഭിക്കാന്‍ അവശ്യം വേണ്ടത് ഒരു ലക്ഷം ഒപ്പാണ്.

ആര്‍.ജി. എന്ന ഇനിഷ്യലില്‍ അറിയപ്പെടുന്നയാള്‍ കഴിഞ്ഞ 21ന്  ആണ് ഈ പ്രചാരണപരിപാടി ആരംഭിച്ചത്. ഇത് ഒരു മാസത്തിനകം തീര്‍ക്കണമെന്നാണ് വ്യവസ്ഥ. രണ്ടു മാസത്തിനകം യു.എസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കുമെന്നാണു പ്രതീക്ഷ.

പത്തുലക്ഷം ഒപ്പു ലഭിക്കുംവരെ ശേഖരണം തുടരുമെന്ന് പ്രചാരണവുമായി സഹകരിക്കുന്ന ജോര്‍ജ് ടൗണ്‍ സര്‍വകലാശാലാ ശാസ്ത്രജ്ഞ അഞ്ജു പ്രീത് പറഞ്ഞു. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ടെഡ് പോയും ഡാന റൊറാബക്കറും നേരത്തേ ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എച്ച്.ആര്‍ 6069 എന്ന് അറിയപ്പെടുന്ന ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഒപ്പുശേഖരണം.

ഭീകരസംഘങ്ങളെ ഊട്ടിവളര്‍ത്തി ലോകമെങ്ങും അന്തച്ഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെ ബ്രിട്ടന്‍ ശക്തമായി അപലപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് പാര്‍ലമെന്റ് വെബ്‌സൈറ്റിലുള്ളത്. യു.എസിലെ ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതുമുതല്‍ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്ക് പ്രമേയം അക്കമിട്ടു നിരത്തുന്നു. അനുകൂലിക്കുന്നവരുടെ പിന്തുണ വരുംദിവസങ്ങളില്‍ ലക്ഷം കവിയുമെന്നാണു പ്രതീക്ഷ.

We use cookies to give you the best possible experience. Learn more