| Saturday, 9th May 2015, 7:49 pm

പ്രണയ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അവര്‍ കെട്ടുതാലി ചുട്ടെരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രണയസ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കെട്ടുതാലി ചുട്ടെരിക്കല്‍ സമരം. പ്രതീകാത്മക താലിക്കകത്ത് നിന്നുകൊണ്ട് പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ താലിക്ക് പുറത്ത് വന്ന് താലി ചുട്ടെരിച്ചാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. പ്രണയത്തിനും ചുംബനത്തിനും ബലിത്തറകള്‍ ഒരുക്കുന്ന സദാചാര വാദികള്‍ക്കെതിരേയുള്ള പ്രതിഷേധം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതീകാത്മകമായി താലി ചുട്ടെരിച്ചത്.

ഞാറ്റുവേല സാംസ്‌കാരികപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ജെന്നി സുല്‍ഫത്ത് ഉദ്ഘാടനം ചെയ്തു. “പ്രണയം സ്വാതന്ത്ര്യമാണ്. ആ പ്രണയത്തിന് പലപ്പോഴും വിഘാതമായി നില്‍ക്കുന്നത് സമൂഹത്തിലെ സദാചാര സങ്കല്‍പമാണ്. താലി സവര്‍ണതയുടെയും മതത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. താലിയിലധിഷ്ഠിതമായ സദാചാര ബോധം ഇല്ലാതാകണമെങ്കില്‍ കെട്ടുതാലി ചുട്ടെരിക്കല്‍ സമരം പോലുള്ള പ്രതിഷേധങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു” സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജെന്നി സുല്‍ഫത്ത് പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹം സമരം നടന്ന ഫോര്‍ട്ട് കൊച്ചി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഹൈന്ദവ സംഘടനകളുടെ ഭാഗത്തു നിന്നും അക്രമണതതിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് വന്‍ സന്നാഹം ഒരുക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സമാനരീതിയിലുള്ള കെട്ടുതാലി പൊട്ടിക്കല്‍ സമരം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും അപമാനിക്കുന്നതാണ് ഇത്തരം പ്രതിഷേധങ്ങള്‍ എന്നായിരുന്നു വിമര്‍ശനം.

കുടുംബ ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്ന മത ചിഹ്നം കത്തിക്കുക എന്ന ഉദ്യേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. സദാചാര വാദികള്‍ക്കെതിരായ ചുംബന സമരത്തിനെ നേരത്തെ കൊച്ചി സാക്ഷ്യം വഹിച്ചിരുന്നു.

Other News

രൂപേഷും സംഘവും ക്രിമിനലുകളല്ല, സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചവര്‍: കോടതി

നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ മോദിയുടെ കോലം കത്തിച്ചു

വി.എസിന് വയസായി അദ്ദേഹം വിരമിക്കണം, തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണം: ബര്‍ലിന്‍

We use cookies to give you the best possible experience. Learn more