| Sunday, 22nd October 2023, 11:49 am

അങ്ങനെയൊരു ഗോള്‍ നേടാന്‍ പ്രചോദനമായത് ആ ഇതിഹാസം; ആഴ്സണല്‍ സ്റ്റാര്‍ ഡെക്ലാന്‍ റൈസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലണ്ടന്‍ ഡെര്‍ബി ആഴ്സണല്‍ ചെല്‍സി മത്സരം
2-2 എന്ന നിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു പീരങ്കിപടയുടെ തിരിച്ചുവരവ്.

മത്സരത്തില്‍ ആഴ്‌സണലിന്റെ ഇംഗ്ലണ്ട് താരം ഡെക്ലാന്‍ റൈസ് അവിശ്വസനീയമായ ഗോള്‍ നേടിയിരുന്നു. മത്സരത്തിന്റെ 77ാം മിനിറ്റിലായിരുന്നു വണ്ടര്‍ ഗോള്‍ പിറന്നത്.

ചെല്‍സി ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ പിഴവില്‍ നിന്നും വന്ന പന്ത് പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്നും സ്വീകരിച്ച റൈസ് പോസ്റ്റിലേക്ക് ഒരു ലോങ്ങ് റേഞ്ചറിലൂടെ ഗോള്‍ നേടുകയായിരുന്നു. മത്സരശേഷം ഈ ഗോള്‍ നേടാനുള്ള പ്രചോദനം ആരാണെന്നും റൈസ് വെളിപ്പെടുത്തി.

ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമാണ് ഈ ലോങ്ങ് റേഞ്ചര്‍ ഗോള്‍ നേടാന്‍ പ്രചോദനം എന്നാണ് റൈസ് പറഞ്ഞത്.

ഡേവിഡ് ബെക്കാം വിംബിള്‍ഡണിനെതിരായ ഹാഫ് വേ ലൈനില്‍ നിന്നും നേടിയ ഗോളുകള്‍ ഉള്‍കൊള്ളുന്ന ബെക്കാമിനെകുറിച്ചുള്ള ഡോക്യുമെന്ററി കണ്ടതിന് ശേഷം തന്റെ മനസില്‍ ഇതുപോലുള്ള ഗോള്‍ ഉണ്ടായിരുന്നുവെന്നാണ് റൈസ് പങ്കുവെച്ചത്.

ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 15ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കോള്‍ പാല്‍മേറാണ് ചെല്‍സിക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. ഗോള്‍ തിരിച്ചടിക്കാന്‍ ആഴ്‌സണല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാതെ പോയതോടെ ആദ്യപകുതിയില്‍ 1-0ത്തിന് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയിലെ 48ാം മിനിട്ടില്‍ മൈകാലിയോ മുട്രിക് ചെല്‍സിക്കായി രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 77ാം മിനിട്ടില്‍ ഡെക്ലാന്‍ റൈസിന്റെ ലോങ്ങ് റേഞ്ചര്‍ ഗോളും 84ാം മിനിട്ടില്‍ ലിയനാഡ്രോ ട്രൊസാര്‍ഡിയുടെ ഗോളും വന്നതോടെ മത്സരത്തില്‍ ഗണ്ണേഴ്സ് ഒപ്പം പിടിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-2 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ മത്സരം അവസാനിക്കുകയായിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ആറ് വിജയവും മൂന്ന് സമനിലയും അടക്കം 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്സണല്‍.

അതേസമയം ഒന്‍പത് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും അടക്കം 12 പോയിന്റുമായി പത്താം സംസ്ഥാനത്താണ് ചെല്‍സി.

Content Highlight: Declan Rice reveals David Beckham is the inspiration of scoring the wonder goal against chelsea.

We use cookies to give you the best possible experience. Learn more