| Wednesday, 6th December 2023, 4:14 pm

ഇഞ്ചുറി ടൈം വിന്നിങ് ഗോള്‍; റെക്കോഡ് നേട്ടം സ്വന്തമാക്കി ആഴ്‌സണല്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ലുട്ടോണ്‍ ടൗണിനെതിരെ മൂന്നിനെതിരെ നാല് ഗോളുകളുടെ ത്രില്ലര്‍ വിജയം ആഴ്സണല്‍ സ്വന്തമാക്കി. ജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും പീരങ്കിപടക്ക് സാധിച്ചു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഇംഗ്ലണ്ട് താരം ഡെക്ലാന്‍ നൈസാണ് ആഴ്‌സണലിനായി വിജയഗോള്‍ നേടിയത്. ഈ തകര്‍പ്പന്‍ ഗോളിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടവും നൈസിനെ തേടിയെത്തിയിരുന്നു.

2006-07 സീസണ്‍ മുതലുള്ള കണക്ക് പ്രകാരം ആഴ്സണലിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവേ മത്സരത്തില്‍ ഏറ്റവും അവസാന മിനിട്ടില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഡെക്ലാന്‍ നൈസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 96.23 മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ഇഞ്ചുറി ടൈമില്‍ രണ്ട് മത്സരങ്ങളില്‍ വിജയഗോള്‍ നേടുന്ന മൂന്നാമത്തെ ആഴ്സണല്‍ താരമെന്ന നേട്ടവും നൈസ് സ്വന്തം പേരില്‍ കുറിച്ചു. 1993-94, 1995-96 സീസണില്‍ ഇയാന്‍ റൈറ്റും 2009-10 സീസണില്‍ നിക്ലാസ് ബെന്‍ഡ്‌നര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

ലുട്ടോണ്‍ ടൗണിന്റെ ഹോം ഗ്രൗണ്ടായ കെനില്‍വോര്‍ത്തില്‍ നടന്ന മത്സരത്തില്‍ 20ാം മിനിട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ആഴ്സണല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 25ാം മിനിട്ടില്‍ ഗബ്രിയേല്‍ ഓഷോയിലൂടെ ലുട്ടോണ്‍ മറുപടി നല്‍കി.

മത്സരത്തിന്റെ 45ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസിന്റെ ഗോളിലൂടെ ആഴ്സണല്‍ വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1ന് ഗണ്ണേഴ്സ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 49ാം മിനിട്ടില്‍ എല്ലിജാഹ് അഡെബയോയും 57ാം മിനിട്ടില്‍ റോസ് ബാര്‍ക്ക്‌ലീയിലൂടെയും ലുട്ടോണ്‍ ടൗണ്‍ ഗോള്‍ നേടിയതോടെ 3-2ന് ആതിഥേയര്‍ മുന്നിട്ടുനിന്നു.

60ാം മിനിട്ടില്‍ കൈ ഹാവേര്‍ട്‌സിന്റെ ഗോളിലൂടെ ആഴ്സണല്‍ വീണ്ടും ഒപ്പമെത്തി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഡെക്ലാന്‍ നൈസിലൂടെ ആഴ്സണല്‍ വിജയഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആഴ്സണല്‍ 4-3ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്നും 36 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗണ്ണേഴ്സ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ ഒമ്പതിന് ആസ്റ്റണ്‍ വില്ലക്കെതിരെയാണ് ആഴ്‌സണലിന്റെ അടുത്ത മത്സരം. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ ആണ് മത്സരം നടക്കുക.

Content Highlight: Declan Rice create record after scoring winning goal of Arsenal.

Latest Stories

We use cookies to give you the best possible experience. Learn more