| Thursday, 1st September 2022, 9:33 pm

സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് സംസ്ഥാനത്തെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും, കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ കേന്ദ്ര സഹായം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

അതേസമയം, കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മെട്രോ പുതിയപാത കൊച്ചിയുടെ വികസനത്തിന് പുതിയമുഖം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനടക്കമുള്ളവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മെട്രോ പുതിയപാത എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ വടക്കേക്കോട്ടവരെയാണ്. 43 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ആദ്യ യാത്രക്കാരായത്.

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നല്‍കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരാണെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയില്‍ വെച്ച് നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗ വികസനമാണ് നടക്കുന്നത്, അവിടെയെല്ലാം ഇരട്ട എഞ്ചിന്‍ സര്‍ക്കാരുകളാണുള്ളത്. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകും. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ പുതിയ പ്രതീക്ഷയോടെ കാണുന്നു,’ മോദി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തിയത്. ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്ന് മോദി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 9.30ന് കൊച്ചി ഷിപ്പ്യാര്‍ഡില്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഔദ്യോഗികമായി സേനയ്ക്ക് കൈമാറും. 20,000 കോടി രൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലാണിത്.

Content Highlight: Decisions should be made without delay on projects submitted by the State; Chief Minister to Prime Minister

We use cookies to give you the best possible experience. Learn more