തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യക്കെതിരെ ‘സേവ് മണിപ്പൂര്‍’ എന്ന പേരില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍.ഡി.എഫ്. ഈ മാസം 27ാം തിയ്യതി രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് യോഗത്തിലെടുത്ത തീരുമാനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
‘കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തില്‍ ഗ്രാമങ്ങള്‍ കലാപബാധിതമായി, മനുഷ്യര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അതെല്ലാം ഭീകരമായ അവസ്ഥ സൃഷ്ടിച്ചു. പുറത്ത് വന്ന ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
സ്ത്രീസ്വാതന്ത്ര്യത്തിന് നേരെയുണ്ടായ കലാപമാണിത്. സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുക, നഗ്നരായി തെരിവുലൂടെ നടത്തിക്കുക. പ്രതിരോധിക്കുന്ന ആളുകളെ ചുട്ടുകൊല്ലുക, തല്ലിക്കൊല്ലുക, വെട്ടിക്കൊല്ലുക. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി സേവനം നടത്തിയ പട്ടാളക്കാരന്റെ ഭാര്യയെ പോലും ക്രൂരമായി ബലാത്സംഗം ചെയ്ത വാര്‍ത്ത പോലും പുറത്ത് വന്നു. ഇനിയും സംഭവങ്ങള്‍ പുറത്ത് വരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാണ് മണിപ്പൂരിലെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.
ഇത്രയും ഭീകരമായ അവസ്ഥ ഇന്ത്യയില്‍ ഇതിന് മുമ്പ് ഒരു മനുഷ്യനും കാണാന്‍ സാധിക്കാത്തതാണ്. ഇത്തരമൊരു ഭീകരമായ സാഹചര്യത്തില്‍ മനുഷ്യ മനസാക്ഷിയെ തട്ടിയുണര്‍ത്താന്‍, ഭീകരതക്കെതിരെ ജനങ്ങളുടെയല്ലാം രോഷവും പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടു വരാന്‍, മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍, മണിപ്പൂരിനെ രക്ഷിക്കാന്‍ സേവ് മണിപ്പൂര്‍ എന്ന സന്ദേശം ഉയര്‍ത്തി ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 27ാം തിയ്യതി രാവിലെ പത്ത് മണിമുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മണിപ്പൂര്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം കാണിക്കാന്‍, സ്ത്രീത്വത്തെ നശിപ്പിക്കാനുള്ള ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍, സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്താനുള്ള ജനകീയ കൂട്ടായ്മയാണിത്. കേരള ജനതയുടെ പ്രതിഷേധമാണിത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആയുധമായി കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നുവെന്നും ഇ.പി. പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന പ്രമേയവും പാസാക്കി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ‘കേരളീയം’ എന്ന പേരില്‍ നവംബര്‍ 1 മുതല്‍ പ്രചാരണം തുടങ്ങുമെന്നും യോഗം തീരുമാനിച്ചു.
CONTENT HIGHLIGHTS: DECISIONS ON LDF MEETING