ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് നിർത്തലാക്കിയ തീരുമാനം പിൻവലിക്കണം: ബി.ജെ.പി എം.പി
national news
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് നിർത്തലാക്കിയ തീരുമാനം പിൻവലിക്കണം: ബി.ജെ.പി എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th December 2022, 5:28 pm

ന്യൂ ദൽഹി:   ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബി.ജെ.പി എം.പി                                      പ്രീതം മുണ്ടെ.

ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെയുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ പെടുന്ന കുട്ടികൾക്ക് ലഭിച്ചു വന്ന പ്രീമെട്രിക് സ്കോളർഷിപ്, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ലഭിച്ച് വന്നിരുന്ന മൗലാന ആസാദ് നാഷണൽ ഫെല്ലോലോഷിപ്പ് അടക്കമുള്ള സ്കോളർഷിപ്പുകളാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്.

കഴിഞ്ഞ ജൂലൈ വരെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പാണ് പെട്ടെന്നൊരു മുന്നറിയിപ്പും കൂടാതെ കേന്ദ്ര സർക്കാർ നിർത്തലാക്കിയത്.

സ്കോളർഷിപ് നിർത്തലാക്കിയതിന്റെ കാരണവും സർക്കാർ വിശദമാക്കിയിരുന്നില്ല.
ബുദ്ധ, ജൈന, ക്രിസ്ത്യൻ, മുസ് ലിം , സിഖ്, പാഴ്സി മത വിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്കായിരുന്നു ന്യൂനപക്ഷ സ്കോളർഷിപ്പിന് അർഹതയുണ്ടായിരുന്നത്.

മുൻകൂട്ടി അറിയിക്കാതെയാണ് സ്കോളർഷിപ് നിർത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈകൊണ്ടതെന്നും, ഈ വർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്കോളർഷിപ്പിനായി അപേക്ഷ നൽകിയതെന്നും ലോക്സഭയിൽ പറഞ്ഞ മുണ്ടെ, സ്കോളർഷിപ് നിർത്താനുള്ള തീരുമാനം സർക്കാർ പുനരാലോചിക്കണമെന്നും ആവശ്യപ്പെട്ടു.

ധാരാളം കുട്ടികൾക്ക് സഹായകരമായ സ്കോളർഷിപ്പ് ആണിതെന്നും അവർ ലോക്സഭയെ അറിയിച്ചു.

രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പില്‍ നിന്ന് എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ ഒഴിവാക്കിയ അറിയിപ്പ് വന്നത് രണ്ടാഴ്ച മുമ്പാണ്.

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന 1,500 രൂപയുടെ ഈ സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ ഒ ബി സി, ഇ ബി സി, ഡി എന്‍ ടി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

ഇതിനു പിന്നാലെ ഉന്നത പഠനത്തിന് അനുവദിച്ചിരുന്ന മൗലാനാ ആസാദ് നാഷണ ല്‍ സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിക്കുകയുണ്ടായി.

കുട്ടികൾ ഈ വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കുകയും, ഇതിനായുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സ്കൂൾ, ജില്ല, സംസ്ഥാന തരത്തിലുള്ള വെരിഫിക്കേഷനും കഴിഞ്ഞതിന് ശേഷമാണ് പ്രീ മെട്രിക് സ്കോളർഷിപ് നിർത്തലാക്കിയ വിവരം കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രാലയത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്.

 

2009 മുതലാണ് ന്യൂനപക്ഷ സമുദായങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് കേന്ദ്ര സർക്കാർ എം.ഫിൽ, പി.എച്ച്.ഡി പഠനത്തിനായി സ്കോളർഷിപ് നൽകിവന്നത്.

എന്നാൽ എട്ടാം ക്ലാസ്സ്‌ വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിച്ച് വരുന്ന പ്രീ മെട്രിക് സ്കോളർഷിപ്പ് തുടർന്നും നൽകുമെന്ന് കേരള സർക്കാർ വിശദമാക്കിയിരുന്നു.

Content Highlights:Decision to stop scholarship for minority students should be withdrawn: BJP MP