തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ഓരോ പ്രദേശത്തേയും സാഹചര്യം കണക്കിലെടുത്ത് ടി.പി.ആര്‍. നിരക്കിന്റെ അടസ്ഥാനത്തിലായിരിക്കും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ടാകുക.
ടെസ്റ്റ് പോസിറ്റിവിറ്റി 16 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവിടെങ്ങളില്‍
പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം ഉണ്ടായിരിക്കുക. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനത്തിന് ശേഷമാണ് പുതിയ തീരുമാനം വരുന്നത്.
ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്നാണ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നമ്മള്‍ നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.