കാസര്‍കോട്: കേന്ദ്ര വാഴ്‌സിറ്റിയില്‍ ചുമതല നല്‍കിയ ആര്‍.എസ്.എസുകാരന്റെ യോഗ്യത പരിശോധിക്കാന്‍ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം. ആര്‍.എസ്.എസിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമതല നല്‍കിയ ഭാരതീയ വിചാരകേന്ദ്രം മുന്‍ വൈസ് പ്രസിഡന്റിന് അസോസിയേറ്റ് പ്രൊഫസറുടെ പദവിയാണ് പരിശോധിക്കുന്നത്.
പ്രൊഫസര്‍ നിയമന അഭിമുഖത്തില്‍ പങ്കെടുത്ത അധ്യാപിക പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ഉണ്ടാവുന്നത്. വിഷയം ഫെബ്രുവരി നാലിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
2015ലാണ് ബി.ജെ.പി നേതാവിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്ക് നിയമനം നല്‍കിയത്. ഈ അഭിമുഖത്തില്‍ പങ്കെടുത്ത അധ്യാപികക്ക് അഭിമുഖത്തില്‍ ഉണ്ടായിരിക്കേണ്ട അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റേര്‍സ് മിനിമം സ്‌കോറായ 300നും മുകളിലായിരുന്നു.
എന്നാല്‍ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റേര്‍സ് സ്‌കോര്‍ 115ല്‍ താഴെയായിരുന്ന നേതാവിന് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജോലി നല്‍കിയതെന്ന് അധ്യാപിക പരാതിയില്‍ ആരോപിക്കുന്നുണ്ട്. സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതിനിധിയായി കണ്ടെത്തിയ നേതാവിനെ ഏതുവിധേനയും നിയമിക്കുന്നതിന് മുന്‍ വി.സിയുടെ ഇടപെടലുണ്ടായി.
അതിനാല്‍ ഇയാളുടെ സ്‌കോറായ 310നും മുകളില്‍ 315 ആയി തന്റെ സ്‌കോര്‍ ഉയര്‍ത്തിക്കെട്ടുകയായിരുന്നെന്നും അധ്യാപിക ആരോപിക്കുന്നുണ്ട്.
അഭിമുഖത്തിന് ശേഷം, അഭിമുഖം നടത്തിയവരുടെ താമസസ്ഥലത്ത് എത്തിയാണ് സ്‌കോര്‍ വര്‍ധിപ്പിച്ചതെന്നും ഒപ്പിട്ട തീയതി അഭിമുഖം നടന്ന ദിവസത്തേത് അല്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
അതേസമയം, അസോ. പ്രൊഫസറാകണമെങ്കില്‍ ഒരു പി.എച്ച്.ഡി വിദ്യാര്‍ഥിക്കെങ്കിലും ഗൈഡ് ആയിരിക്കണമെന്നും നിബന്ധനയുണ്ട്.
അഭിമുഖത്തിന്റെ സ്‌കോര്‍ വിവരങ്ങള്‍ അധ്യാപിക വിവരാവകാശപ്രകാരം ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല ഇതേത്തുടര്‍ന്നാണ് അന്നത്തെ വി.സി ഡോ. ജി. ഗോപകുമാറിനും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നല്‍കിയത്.
മിനിമം സ്‌കോര്‍, അധ്യാപകന്റെ നിയമനത്തിനെതിരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, മുന്‍കാല പ്രാബല്യത്തോടെ പ്രൊഫസര്‍ പദവി നല്‍കിയത് തുടങ്ങിയ വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍വകലാശാല ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ സര്‍വകലാശാലയില്‍ ബി.ജെ.പിയുടെ ഒരു വിഭാഗത്തിന്റെ മാത്രം താല്‍പര്യം സംരക്ഷിക്കുന്നുവെന്നാരോപിച്ച് കുറ്റാരോപിതനായ അധ്യാപകന്‍ ബി.ജെ.പി വിചാരകേന്ദ്രത്തില്‍ നിന്ന് പുറത്താണ്.
Content Highlights: Decision to look into the qualifications of the BJP member in the Central University