ലണ്ടന്‍: വായ്പ തിരിച്ചടക്കാതെ കടന്ന് കളഞ്ഞ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുമോ എന്ന് ഇന്നറിയാം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിജയ് മല്യയുടെ കേസില്‍ ഇന്ന് തീരുമാനമുണ്ടാകും.
മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12 ആണ് മല്യക്ക് വേണ്ടി ഇന്ത്യ ഒരുക്കിവെച്ചിരിക്കുന്നത്. ജഡ്ജി എമ്മ ആര്‍ബത്‌നോട്ട് ഇക്കാര്യത്തില്‍ ഇന്ന് വിധി പറയുമെന്നാണ് പ്രതീക്ഷ.സുപ്രധാന വിചാരണയില്‍ ഇന്ത്യയുടെ വാദം അവതരിപ്പിക്കാനായി സി.ബി.ഐ ജോയന്റ് ഡയരക്ടര്‍ എസ്. സായ് മനോഹര്‍ ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ ഹാജരായിരുന്നത് ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലുള്ള സി.ബി.ഐ സ്‌പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താന ആയിരുന്നു.
2017 ഡിസംബര്‍ നാലിനാണ് ലണ്ടനിലെ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. ആദ്യം ഏഴു ദിവസത്തെ വിചാരണ നിശ്ചയിച്ചെങ്കിലും നീണ്ട് പോവുകയായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് മല്യയെ വിട്ടുകിട്ടാന്‍ വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന അറസ്റ്റ് ചെയ്യപ്പെട്ട മല്യ ജാമ്യം നേടുകയായിരുന്നു.
Also Read: രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ തകര്‍ക്കുന്നു: യശ്വന്ത് സിന്‍ഹ
കഴിഞ്ഞയാഴ്ച വിധി വരുമെന്ന് പ്രതീക്ഷിച്ചിരിക്കെ വായ്പയെടുത്ത തുക പലിശയൊഴികെ മുഴുവനും തിരിച്ചടക്കാന്‍ തയാറാണെന്ന് മല്യ വെളിപ്പെടുത്തിയിരുന്നു. തന്റെ അഭ്യര്‍ഥന പരിഗണിച്ച് “രക്ഷിക്കണ”മെന്നായിരുന്നു പരോക്ഷമായി ഇന്ത്യന്‍ ബാങ്കുകളോട് നടത്തിയ അഭ്യര്‍ഥന. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ആരും അനുകൂലമായി പ്രതികരിച്ചില്ല.
ഒരു രൂപപോലും താന്‍ വായ്പയെടുത്തിട്ടില്ലെന്നും കിങ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തതെന്നും ജാമ്യം നിന്ന താന്‍ എങ്ങനെ കുറ്റക്കാരനാകുമെന്നുമാണ് ഇപ്പോള്‍ മല്യയുടെ ചോദ്യം. 9000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടതിനാണ് ഇന്ത്യ മല്യക്കെതിരെ കേസ് നടത്തുന്നത്.
നിയമപരമായ കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മല്യയെ വിട്ടുകൊടുക്കാന്‍ ജഡ്ജി ആര്‍ബത്‌നോട്ട് യു.കെ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍, 14 ദിവസത്തിനകം മല്യക്ക് ഹൈകോടതി അനുമതിയോടെ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാം. മല്യയെ വിട്ടു നല്‍കേണ്ടെന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവെങ്കില്‍ അതിനെതിരെ 14 ദിവസത്തിനകം ഇന്ത്യ ഗവണ്‍മന്റെിനും ലണ്ടന്‍ മേല്‍കോടതിയെ സമീപിക്കാം.
കഴിഞ്ഞ മാസം മല്യയുടെ യു.കെ യിലെ വീട് സ്വിസ് ബാങ്ക് ജപ്തി ചെയ്യുകയും അടവ് തെറ്റിച്ചതിന് ലണ്ടന്‍ കോടതി മല്യയോട് 88000 പൗണ്ട് പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മല്യക്ക പുറമേ നീരവ് മോദിയുള്‍പ്പടെ നിരവധി വ്യവസായികള്‍ ഇത്തരത്തില്‍ രാജ്യം വിട്ടിരുന്നു. അവര്‍ക്കെതിരെയും നിയമപരമായി നീങ്ങണം എന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാവുകയാണ്.