കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരത്തിന്റെ കാര്യത്തില്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. മാര്‍ക്വീ താരമില്ലെങ്കിലും നിലവിലെ സ്‌ക്വാഡില്‍ വളരെയധികം സന്തുഷ്ടനാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
നിലവില്‍ നല്ല സന്തുലിതാവസ്ഥയുള്ള ടീമാണുള്ളത്. പക്ഷെ ഒരു മാര്‍ക്വിതാരത്തിനുള്ള ഒഴിവുണ്ട്. അതിനായൊരു കളിക്കാരനെ നോക്കുന്നുണ്ട്. ഈ ആഴ്ച നടക്കുന്ന രണ്ടു കളികള്‍ കഴിഞ്ഞാല്‍ മാര്‍ക്വി താരത്തെ വേണ്ടതുണ്ടോയെന്ന് മനസ്സിലാവും. ഇപ്പോഴുള്ള സ്ഥിതിയില്‍ ഞാന്‍ വളരെയേറെ സന്തുഷ്ടനാണ്. ഏഴാമതൊരു വിദേശതാരമില്ലാതെ ആറുവിദേശ താരങ്ങളെ കൊണ്ട് ഐ.എസ്.എല്‍ തുടങ്ങാന്‍ പറ്റുമെന്ന് പറയാന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സില്‍ ഡേവിഡ് ജെയിംസും ആരോണ്‍ ഹ്യൂസും ഒഴിച്ച് മറ്റു മാര്‍ക്വൂ താരങ്ങളൊന്നും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചിരുന്നില്ല.
നിലവിലുള്ള ഇന്ത്യന്‍ താരങ്ങളില്‍ സംതൃപ്തനാണെന്നും എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്നത് കൊണ്ട് ഇത്തവണ അവസരമുണ്ടാവുമെന്ന് പറയാനാവില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ടീമില്‍ പുതുതായെത്തിയ യുവതാരങ്ങള്‍ക്ക് അവസരമൊരുക്കുമെന്ന് സൂചിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.
ബ്ലാസറ്റേഴ്‌സ് ചൊവ്വാഴ്ച മെല്‍ബണ്‍ സിറ്റി എഫ്.സിയെയും 28ന് ജിറോണ എഫ്.സിയെയും നേരിടാനൊരുങ്ങുകയാണ്.