| Friday, 29th December 2023, 6:58 pm

കടന്നപ്പള്ളിക്ക് പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷന്‍ വകുപ്പും; ഗതാഗത മന്ത്രിയായി ഗണേഷ് കുമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം. കെ.ബി. ഗണേഷ് കുമാറിന് ഗതാഗതവകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷന്‍ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.

സിനിമ വകുപ്പ് നല്‍കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.പി.ഐ.എമ്മിന്റെ പക്കലുള്ള ഈ വകുപ്പ് അദ്ദേഹത്തിന് നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അതേസമയം മന്ത്രി വി.എന്‍. വാസവന് സഹകരണത്തോടൊപ്പം തുറമുഖ വകുപ്പിന്റെ ചുമതലയും നേതൃത്വം നല്‍കിയതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കിയ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ലിഫ് ഹൗസിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതിലെ കാലതാമസം, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും പോരടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും ഒരേ വേദിയില്‍ എത്തുന്നത്. എന്നാല്‍ ഇരുവരും പരസ്പരം നോക്കാതെയും സംസാരിക്കാതെയുമാണ് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

Content Highlight: Decision on departments of newly sworn-in ministers

We use cookies to give you the best possible experience. Learn more