മരങ്ങള്‍ എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ മനുഷ്യരെയും ആകാം; ജാതി സെന്‍സസില്‍ തേജസ്വി യാദവ്
CENSUS
മരങ്ങള്‍ എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ മനുഷ്യരെയും ആകാം; ജാതി സെന്‍സസില്‍ തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 6:09 pm

ന്യുദല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ദേശീയ ജാതി സെന്‍സസിന് വേണ്ടി 10 പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യോഗം ചേര്‍ന്നു.

ജെ.ഡി.യു നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വിജയ് കുമാര്‍ ചൗധരി, മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് അജീത് ശര്‍മ്മ, ബി.ജെ.പി നേതാവും മന്ത്രിയുമായ ജാനക്ക് റാം, സി.പി.ഐ.എം.എല്‍ നിയമസഭാ കക്ഷിനേതാവ് മഹബൂബ് ആലം, എ.ഐ.എം.ഐ.എം നേതാവ് അക്താറുല്‍ ഇമാം, വി.ഐ.പിയുടെ മുകേഷ് സഹ്നി, സി.പി.ഐയുടെ സുര്യകാന്ത് പാസ്വാന്‍, സി.പി.ഐ.എം നേതാവ് അജയ് കുമാര്‍ തുടങ്ങിയവരാണ് സര്‍വകക്ഷി യോഗത്തില്‍ ജാതി സെന്‍സസിനായി മോദിയെ കണ്ടത്.

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും, ബി.ജെ.പി നേതാക്കളും ജാതി സെന്‍സസിനായി കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്.

നീക്കത്തെ അനുകൂലിച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് തേജസ്വി ഇത് ചരിത്രപ്രധാനമായ കാര്യമാണെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതിന് വളരെയധികം ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു. വൃക്ഷങ്ങളും മരങ്ങളും എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ മനുഷ്യരെയും ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.യുവും ആര്‍.ജെ.ഡിയും ഒന്നിച്ച് സഹകരിക്കുന്നതിനെ പറ്റി ചോദ്യം ഉയര്‍ന്ന് വന്നപ്പോള്‍ ബീഹാറിലാണ് പ്രതിപക്ഷമെന്നും രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഒന്നിച്ച് മാത്രമേ നിന്നിട്ടുള്ളു എന്നും തേജസ്വി പ്രതികരിച്ചു.

ഒരുപാട് കാലത്തെ ആവശ്യമാണിതെന്നും ജാതിയുടെ അടസ്ഥാനത്തിലുള്ള സെന്‍സസ് വഴി എല്ലാ വിഭാഗത്തിന്റെയും കണക്കുകള്‍ ലഭിക്കുമെന്നും അത് വഴി വിവിധ ക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് സഹായകരമാകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

രാജ്യത്തിന്റെ പ്രയോജനത്തിന് വേണ്ടിയാണിതെന്നും കേന്ദ്രം ജാതി സെന്‍സസിന് അനുവദിച്ചില്ലെങ്കില്‍ ബീഹാര്‍ സെന്‍സസുമായി മുന്നോട്ട് പോകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്ന് മോദിയോട് നിതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടിക്കാഴ്ച നടത്താന്‍ നിതീഷിന് അനുമതി ലഭിച്ചിരുന്നില്ല. സെന്‍സസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നിതീഷ് സൂചന നല്‍കിയിരുന്നു.

1931നു ശേഷം രാജ്യത്ത് ജാതി സെന്‍സസ് നടന്നിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Decision lies with PM Modi, says Nitish Kumar after Bihar leaders meet PM over caste Census demand