കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി മൂലം ചന്ദ്രിക ആഴ്ച്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനം മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രികയുടെ എം.ഡിയുമായ സാദിഖലി തങ്ങള്‍ അറിഞ്ഞില്ലെന്ന് ആരോപണം.
സാദിഖലിക്ക് പുറമെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും എം.കെ. മുനീര്‍ എം.എല്‍.എയും ഇതുസംബന്ധിച്ച തീരുമാനം അറഞ്ഞില്ലെന്നാണ് ആഴ്ചപ്പതിപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍
പറയുന്നത്.
ജൂണ്‍ ആറിനാണ് പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നോട്ടിസ് ചന്ദ്രിക മാനേജ്മെന്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.
‘ചന്ദ്രിക’ ദിനപത്രം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതും ദിനപത്രം കൃത്യമായി വായനക്കാര്‍ക്ക് എത്തിക്കുന്നതിന്റെ ക്രമീകരണത്തിന്റെ ഭാഗമായാണ് ആഴ്ചപ്പതിപ്പും ‘മഹിളാ ചന്ദ്രിക’യും നിര്‍ത്തുന്നതെന്നാണ്
ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി പി.എം.എ സമീര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആഴ്ചപ്പതിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
‘അത്രയും വലിയ ഒരു പാരമ്പര്യം നിര്‍ത്തലാക്കാന്‍ അല്ല നിലനിര്‍ത്താനാണ് തീരുമാനം,’ എന്നാണ് സാദിഖലി തങ്ങളുടെ അഭിപ്രായമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നു.
ചന്ദ്രികയുടെ യഥാര്‍ത്ഥ പ്രതിസന്ധി അനാഥത്വമാണ്. ചോദിക്കാനും പറയാനും ഒരാളുമില്ലാത്ത അവസ്ഥ. സാദിഖലി തങ്ങള്‍ ഇടപെട്ട് ആഴ്ചപ്പതിപ്പിനൊരു പുനരുജ്ജീവനം ഉണ്ടാവുമെന്നുതന്നെ വിശ്വസിക്കുന്നുവെന്നാണ് പ്രതിനിധികള്‍ പറയുന്നത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കായിരുന്നു സാദിഖലി ശിഹാബ് തങ്ങളിനെ എം.ഡി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ചന്ദ്രികയെ കൂടാതെ മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ചുമതലയും സാദിഖലി ശിഹാബ് തങ്ങള്‍ക്കാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എം.എല്‍.എ, പി.വി. അബ്ദുള്‍ വഹാബ് എം.പി, അഡ്വ. പി.എം.എ സലാം, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.