| Friday, 27th October 2017, 4:06 pm

രണ്ട് തോണിയില്‍ കയറിയുള്ള ഈ പോക്ക് നടക്കില്ല; മോദിയെ വിമര്‍ശിച്ച ശിവസേനക്കെതിരെ ഫട്‌നാവീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സഖ്യകക്ഷിയായ ശിവസേനക്ക് മുന്നറിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസ്. ശിവസേനയുടെ ഇരട്ടതാപ്പ് നയം ഒഴിവാക്കണമെന്നും ബി.ജെ.പിയുമായുള്ള ബന്ധം തുടര്‍ന്ന് കൊണ്ട് പോകണോ എന്നത് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ഗാന്ധി യോഗ്യനാണെന്നും മോദി തരംഗം അവസാനിച്ചെന്നുമുള്ള ശിവസേന എം.പിയുടെ പ്രസ്താവനക്കെതിരെയാണ് ഫട്‌നാവിസിന്റെ വിമര്‍ശനം.

ഞങ്ങളുടെ എല്ലാ തീരുമാനങ്ങളെയും എതിര്‍ക്കുക എന്ന നയമാണ് ശിവസേന തുടര്‍ന്ന് പോരുന്നത്. ഭരണകക്ഷിയായ അവര്‍ക്ക് അവരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാവുന്നതാണ.് പക്ഷേ അവര്‍ ഒരേ സമയം ഭരണകക്ഷിയുടെ കൂടെ നിക്കുകയും അതേ സമയം ഞങ്ങളെ എതിര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read തമിഴ്‌നാട്ടിലും കേരളത്തിലും നേര്‍വഴിയിലൂടെ അധികാരത്തിലെത്താന്‍ ബി.ജെ.പിക്കാവില്ല; കൃത്രിമവാതിലുകള്‍ സൃഷ്ടിക്കുകയാണെന്നും ഖുശ്ബു


ഒരു പാര്‍ട്ടി എന്ന നിലയില്‍ ഉദ്ദവ്ജിയാണ് തീരുമാനം എടുക്കേണ്ടത്. ആളുകള്‍ ഇത്തരത്തില്‍ ഉള്ള തീരുമാനങ്ങള്‍ ഇഷ്ടപ്പെടില്ല. പണ്ട് ബാലാസാഹേബ് (ബാല്‍താക്കറെ) ആയിരുന്നപ്പോള്‍ ഇങ്ങനെ എല്ലാത്തിലും കുറ്റം കാണില്ലായിരുന്നു. ഉദ്ദവ്ജീയും അങ്ങിനെ തന്നെയാണ്. പക്ഷേ ചില നേതാക്കള്‍ പാര്‍ട്ടി അദ്ധ്യക്ഷനേക്കാള്‍ വലിയവരായി അഭിപ്രായങ്ങള്‍ പറയുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തെ പരസ്യമായി തള്ളിക്കളഞ്ഞ് ശിവസേന എം.പി സഞ്ജയ് റൗട്ട് രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃപാടവത്തെ പിന്തുണച്ച് രംഗത്ത് വന്നത്.

“കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ “പപ്പു”വെന്ന് വിളിക്കുന്നത് തെറ്റാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ തരംഗം മങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം ജനങ്ങള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി വലിയ വെല്ലുവിളി നേരിടാന്‍ പോകുകയാണ്.” എന്നായിരുന്നു റൗട്ടിന്റെ പ്രസ്താവന.

Latest Stories

We use cookies to give you the best possible experience. Learn more