| Friday, 21st September 2018, 10:33 am

വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതിയ്ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആറന്‍മുള എം.എല്‍.എ വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് പറഞ്ഞ് യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ആറാട്ടുപുഴ സ്വദേശിയായ ബിജോ മാത്യുവാണ് ആറു ലക്ഷത്തിലധികം തുക തട്ടിപ്പ് നടത്തി മുങ്ങിയത്.

തിരുവല്ല സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ 1.65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കുടാതെ അടൂര്‍ സ്വദേശികളില്‍ നിന്ന് 345000 രൂപയും തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജോലി തേടിയെത്തിയവരില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം ഒരു ടിക്കറ്റും ബിജോ നല്‍കിയിരുന്നു. എന്നാല്‍ ഇവ റദ്ദായതിനെ തുടര്‍ന്ന് സംശയം തോന്നിയവര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസിലാക്കിയത്.


ALSO READ: കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഗ്ലോബല്‍ സാലറി ചലഞ്ച്; ലോകമലയാളികള്‍ കൂടി പങ്കെടുക്കണമെന്ന് പിണറായി വിജയന്‍


നേരത്തെ ആന്റോ ആന്റണി എം.പിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന ബിജോ ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് നാട്ടിലെത്തിയപ്പോഴാണ് വീണാ ജോര്‍ജിനൊപ്പം പരിപാടികളില്‍ കണ്ടുതുടങ്ങിയത്.

അതേസമയം, ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് അറിയിച്ചു. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു

We use cookies to give you the best possible experience. Learn more