ലഖ്‌നൗ: ഏതു നിയമമാണ് യു.പി പൊലീസിന് തന്റെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലാന്‍ അനുമതി നല്‍കുന്നതെന്ന ചോദ്യവുമായി കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് വീട്ടില്‍ വന്ന് അറസ്റ്റു ചെയ്യുകയല്ലേ വേണ്ടതെന്നും അവര്‍ ചോദിച്ചു.
” ഏത് നിയമമാണ് എന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ യു.പി പൊലീസിന് അനുമതി നല്‍കുന്നത്? പൊലീസ് അദ്ദേഹത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ്. ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം എന്തോ തെറ്റ് ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ക്ക് അദ്ദേഹത്തെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യാമായിരുന്നില്ലേ” അവര്‍ എ.ബി.പി ന്യൂസിനോടു പറഞ്ഞു.
“ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തത് വലിയ വിശ്വാസത്തോടെയാണ്. യോഗിജി ഞങ്ങളുടെ മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. ഇതാണ് ഞങ്ങള്‍ക്ക് സംഭവിച്ചത്.” എന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം നല്‍കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് വിവേക് തിവാരി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് ന്യായവാം.
ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ സ്ത്രീയ്‌ക്കൊപ്പം വീട്ടിലേക്കു തിരിക്കുകയായിരുന്നു അദ്ദേഹം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു തയ്യാറാവാതിരുന്നതോടെയാണ് പൊലീസ് വെടിവെച്ചെന്നാണ് റിപ്പോര്‍ട്ട്.
ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസറായ പ്രശാന്ത് ചൗധരിയാണ് തിവാരിക്കുനേരെ വെടിവെച്ചത്. സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നാണ് ചൗധരി പറയുന്നത്. ” ബുള്ളറ്റ് ഏറ്റതിനുശേഷം അയാള്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് വെടിയേറ്റതാണോയെന്ന കാര്യം എനിക്കുറപ്പുണ്ടായിരുന്നില്ല.” എന്നും ചൗധരി പറഞ്ഞു.
#WATCH Kalpana Tiwari,wife of deceased Vivek Tiwari says,"Police had no right to shoot at my husband,demand UP CM to come here&talk to me." He was injured&later succumbed to injuries after a police personnel shot at his car late last night,on noticing suspicious activity #Lucknow pic.twitter.com/buJyDWts5n
— ANI UP (@ANINewsUP) September 29, 2018