| Saturday, 6th May 2017, 9:30 am

'നിര്‍ഭയയ്ക്കു ലഭിച്ച നീതി എനിക്കും വേണം': തന്നെ ബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബില്‍ക്കിസ് ഭാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ ബലാത്സംഗം ചെയ്തവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഗുജറാത്ത് വംശഹത്യയ്ക്കിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍കിസ് ഭാനു. നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച നടപടി ശരിവെച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് ബില്‍ക്കിസ് ഭാനുവിന്റെ പ്രതികരണം.

“ഇനിയും പൊരുതണമെങ്കില്‍ ഞങ്ങള്‍ അതിനും തയ്യാറാണ്. ഇതേ നീതി തന്നെ ഞങ്ങള്‍ക്കും വേണം.” ബില്‍ക്കിസ് ഭാനുവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഡിസംബര്‍ 16ലെ കൂട്ടബലാത്സംഗക്കേസിലേതു പോലെ മറ്റു കേസുകളിലും കോടതി വധശിക്ഷ നല്‍കുകയാണെങ്കില്‍ ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ അതു സഹായകരമാകുമെന്ന് ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബ് അഭിപ്രായപ്പെട്ടു.

“ഇത്രയും ക്രൂരത ഇന്ത്യയിലെ മറ്റൊരു സ്ത്രീയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല.” അദ്ദേഹം പറഞ്ഞു.


Must Read:എന്റെ കൈക്കുഞ്ഞിനെ അവര്‍ ആകാശത്തേക്കെറിഞ്ഞു… തറയില്‍ വീണവള്‍ ചിന്നിച്ചിതറി… അവരെന്നെ മാറിമാറി ബലാത്സംഗം ചെയ്തു… 


വധശിക്ഷ ആവശ്യപ്പെട്ട് മുന്നോട്ടുപോകുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകരെ കണ്ടു സംസാരിക്കുമെന്നും ദമ്പതികള്‍ അറിയിച്ചു.

“പ്രതികളുടെ ശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി ഉടന്‍ അഭിഭാഷകനെ കാണുകയും അപ്പീല്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.” യാക്കൂബ് പറഞ്ഞു.

ഇനിയെങ്കിലും നല്ലൊരു ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും യാക്കൂബ് പറഞ്ഞു. “സുരക്ഷാ കാരണങ്ങളാല്‍ ഓടി ഓടിയും അഡ്രസുകള്‍ മാറിയും മടുത്തു. കുറഞ്ഞത് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പ്രതികള്‍ പരോളിലിറങ്ങാറുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ ഒളിച്ചുകഴിയേണ്ടിവരും. അവര്‍ക്ക് അധികാരത്തിന്റെ ബലമുണ്ട്.” അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെടാനായിരുന്നു ഞതങ്ങളുടെ തീരുമാനം. എന്നാല്‍ കേസ് ആരംഭിച്ചപ്പോള്‍ ബില്‍ക്കിസ് ജീവിച്ചിരിപ്പുണ്ടോയെന്നുവരെ ആളുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവളാണെന്ന് പറഞ്ഞ് തങ്ങള്‍ മറ്റാരെയെങ്കിലും പ്രദര്‍ശിപ്പിക്കുകയാണോയെന്ന സംശയവും ഉയര്‍ത്തി. ഇതോടെ തങ്ങള്‍ ഐഡന്റിറ്റി വെളിവാക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

എല്ലായ്‌പ്പോഴും പുതിയ ജീവിതം പ്രതീക്ഷിച്ച് എവിടെയെങ്കിലും ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ഞങ്ങള്‍ വേട്ടയാടപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more