| Thursday, 31st August 2017, 10:15 pm

'ഈ ചതി വേണ്ടായിരുന്നു'; സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് അരങ്ങേറ്റ താരം; വിശ്വസിക്കാനാകാതെ സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിടപറഞ്ഞിട്ട് ഏകദേശം നാലു വര്‍ഷമായി. കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരായ നാലാമത്തൊരു ഏകദിന മത്സരത്തില്‍, ആ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി പുതുക്കപ്പെട്ടു.

ഏകദിന ക്രിക്കറ്റില്‍ നിന്നും ക്രിക്കറ്റ് ദൈവം വിരമിച്ചതിനു ശേഷം ടീം ഇന്ത്യയിലെ ഒരു ടീം അംഗം പത്താം നമ്പര്‍ ജഴ്‌സി ധരിച്ചെത്തിയിരിക്കുകയാണ്. ഫാസ്റ്റ് ബൌളര്‍ ഷാര്‍ദുള്‍ ഠാക്കൂര്‍. കൊളംബോയില്‍ തന്റെ ഏകദിന അരങ്ങേറ്റ മത്സരത്തില്‍ താരം ഇറങ്ങിയത് സച്ചിന്റെ പത്താം നമ്പറുമായിട്ടായിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ എല്ലായിടത്തും ചര്‍ച്ചാവിഷയമായിത്തീര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഷാര്‍ദ്ദുളിനെ ടീമിലെടുത്തിട്ടുണ്ട്. എന്നാല്‍ അവസാന ഇലവനില്‍ ചേരാന്‍ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണില്‍ പുണെ സൂപ്പര്‍ജയന്റ്‌സില്‍ കളിക്കുന്നതിനിടെ 12 കളികളില്‍ താരം 11 വിക്കറ്റുകള്‍ നേടിയിരുന്നു. സൂപ്പര്‍ ജയന്റ്‌സിലും ഷാര്‍ദുളിന്റെ ജേഴ്‌സി നമ്പര്‍ 10 ആണ്.


Also Read:  ‘ഈ സ്‌പോര്‍സ്മാന്‍ സ്പിരിറ്റിന് കയ്യടിക്കണം’; കോഹ്‌ലിയുടെ വിക്കറ്റെടുത്ത മലിംഗയെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ്മ, വീഡിയോ


സച്ചിന് വിരമിച്ചതിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്‌സി മറ്റ് താരങ്ങള്‍ക്കാര്‍ക്കും നല്‍കില്ലെന്ന് ബി.സി.സി.ഐ പറഞ്ഞിരുന്നു.

മത്സരത്തിനു മുന്‍പ് കോച്ച് രവി ശാസ്ത്രിയാണ് ഷാര്‍ദുള്‍ ഠാക്കൂറിനു ഡെബിറ്റ് ക്യാപ് നല്‍കിയത്. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റില്‍ കളിക്കുന്ന 218ാമത്തെ താരമാണ് ഷാര്‍ദുള്‍. നാലാം ഏകദിനത്തില്‍ ഷാര്‍ദ്ദുള്‍ ഇന്ത്യയ്ക്കായി തന്റെ ആദ്യ വിക്കറ്റും നേടി.

അതേസമയം ലങ്കയെ ഇന്ത്യ സംപൂജ്യരാക്കി പരമ്പരയില്‍ നിന്നും മടക്കിയിരിക്കുകയാണ്. നാലാം ഏകദിനം 168 റണ്‍സിന് ഇന്ത്യ നേടിയിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനെ(4) നഷ്ടപ്പെട്ട ശേഷം 168 പന്തില്‍ 219 റണ്‍സിന്റെ മികച്ച പാര്‍ട്ട്ണര്‍ഷിപ്പുമായി രോഹിതും വിരാടും മുന്നേറുന്നതിനിടെയാണ് വിരാടിന്റെ വിക്കറ്റ് മലിംഗ നേടുന്നത്.

പിന്നീടെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ(19)യും സെഞ്ച്വറി തികച്ച രോഹിത് ശര്‍മ്മയും(104) മടങ്ങി. ആറാം വിക്കറ്റില്‍ ചേര്‍ന്ന ധോണി(49*) മനീഷ് പാണ്ഡെ(50*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ 350 കടത്തിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക 207 ന് പുറത്താവുകയായിരുന്നു.

We use cookies to give you the best possible experience. Learn more