| Saturday, 4th November 2017, 9:59 pm

വികാരം അണപൊട്ടിയൊഴുകി; അരങ്ങേറ്റ മത്സരത്തില്‍ ദേശീയഗാനത്തിനിടെ പൊട്ടിക്കരഞ്ഞ് മുഹമ്മദ് സിറാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ മാസം ന്യൂസിലാന്റിനെതിരായ ട്വന്റി-20യ്ക്കുള്ള ടീമിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ടീം ലിസ്റ്റില്‍ രണ്ട് യുവതാരങ്ങള്‍. മലയാളി താരം ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും.

ഇന്ന് കിവീസിനെതിരെ സിറാജ് തന്റെ കന്നിയങ്കത്തിന് ഇറങ്ങി. ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ആശിഷ് നെഹ്‌റയുടെ പകരക്കാരാനായണ് ഹൈദരാബാദില്‍ നിന്നുമുള്ള യുവ താരം ടീമിലെത്തിയത്. രവിശാസ്ത്രിയില്‍ നിന്നും ക്യാപ്പ് സ്വീകരിച്ച് കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സിറാജ് വികാരഭരിതനായിരുന്നു.

മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം പാടുന്ന വേളയില്‍ സിറാജിന്റെ ഉള്ളിലുണ്ടായിരുന്ന വികാരം അണപൊട്ടിയൊാഴുകി. കണ്ണുകള്‍ നിറഞ്ഞു കൊണ്ടാണ് സിറാജ് ദേശീയ ഗാനം കേട്ടത്. കണ്ടു നിന്ന കാണികള്‍ക്കും താരങ്ങള്‍ക്കുമെല്ലാം ആ നിമിഷം സിറാജ് എത്രമാത്രം ആഗ്രഹിച്ചിരുന്നു ഈ അവസരത്തിനായെന്ന് വ്യക്തമായിട്ടുണ്ടാകും.


Also Read: ‘ധോണി വിരമിച്ചത് ആര്‍ക്കു വേണ്ടി?’; കായിക ലോകത്തെ ഞെട്ടിച്ച് പാതി വഴിയില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധോണി


കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സിറാജിനെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയത്. ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനായ താരത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയതായിരുന്നു.

അതേസമയം, കിവീസിനെതിരെ പരമ്പര വിജയം മോഹിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. സെഞ്ച്വറിയടിച്ച മണ്‍റോയുടെ മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ നേടിയത്. 58 പന്തില്‍ നിന്നും 109 റണ്‍സാണ് ഓപ്പണിംഗ് താരം നേടിയത്. അതില്‍ ഏഴ് ബൗണ്ടറിയും അത്രതന്നെ സിക്‌സും ഉള്‍പ്പെടും.

ഒരു വര്‍ഷം തന്നെ ട്വന്റി-20 യില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമായും മണ്‍റോ മാറി. ഒന്നാം വിക്കറ്റില്‍ ഗുപ്റ്റിലുമൊത്ത് 105 റണ്‍സാണ് മണ്‍റോ പടുത്തുയര്‍ത്തിയത്. സിറാജ് ഒരു വിക്കറ്റ് നേടിയെന്നതും ശ്രദ്ധേയമാണ്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ നിലം അല്‍പ്പം പരുങ്ങലിലാണ്. നായകന്‍ കോഹ് ലി അര്‍ദ്ധ സെഞ്ച്വറിയുമായി ക്രീസില്‍ നില്‍ക്കുന്നുണ്ട്. മറുവശത്ത് മുന്‍ നായകന്‍ ധോണിയാണുള്ളത്. 87-4 എന്ന നിലയിലാണ് ഇന്ത്യന്‍ സ്‌കോര്‍.

We use cookies to give you the best possible experience. Learn more