| Wednesday, 19th February 2020, 6:06 pm

'ഞങ്ങള്‍ ഇന്ത്യാ വിരുദ്ധരോ പാക്കിസ്താന്‍ അനുകൂലികളോ അല്ല'; പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടെ ദെബ്ബി എബ്രഹാംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഞങ്ങള്‍ ഇന്ത്യാ വിരുദ്ധയോ പാക്കിസ്താന്‍ അനുകൂലികളോ അല്ലെന്ന് ബ്രിട്ടീഷ് എം.പി ദെബ്ബി എബ്രഹാംസ്. തനിക്ക് ജമ്മുകശ്മീരിലെ നിലവിലെ സാഹചര്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ മാത്രം മതിയെന്നും പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടെ ദെബ്ബി എബ്രഹാംസ് പ്രതികരിച്ചു.

നേരത്തെ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എം.പി വിമര്‍ശിച്ചിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച സുഹൃത്തുക്കളേയും കുടുംബങ്ങളേയും കാണാനെത്തിയ ദെബ്ബി എബ്രാഹാംസിനെ ദല്‍ഹി എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയും തിരിച്ചയക്കുകയുമുണ്ടായി. എം.പി ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ഇവരെ തിരിച്ചയതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ എട്ട് എം.പിമാര്‍ക്കൊപ്പമായിരുന്നു ദെബ്ബി പാക്കിസ്താന്‍ സന്ദര്‍ശിച്ചത്. സംഘം പാക് വിദേശമന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുമായി കൂടികാഴ്ച്ചയും നടത്തി.

ജമ്മുകശ്മീര്‍ സന്ദര്‍ശനം എന്ന ആവശ്യത്തില്‍ നിന്നും പിറകോട്ട് പോയിട്ടില്ലെന്നും അത് ആവര്‍ത്തിക്കുകയാണെന്നും ദെബ്ബി മാധ്യമങ്ങളോട് പറഞ്ഞു. ജമ്മുകശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി പാക്കിസ്താന്‍ ഒരു തുറന്ന സമീപനമാണ് സ്വീകരിച്ചതെന്നും അവര്‍ ദെബ്ബി വ്യക്തമാക്കി.

‘ഞങ്ങള്‍ ഒരു സ്വതന്ത്രമായ സംഘമാണ്. ഞങ്ങള്‍ ഇന്ത്യാ വിരുദ്ധരോ പാക്കിസ്താന്‍ അനുകൂലികളോ അല്ല.’ ദെബ്ബി വ്യക്തമാക്കി.

ബ്രിട്ടനിലെ ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ കശ്മീരിന്റെ ചെയര്‍പേഴ്സണ്‍ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നാണ് ദെബ്ബി സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more