ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയെ ചൊല്ലി ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. സംവരണ വ്യവസ്ഥ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് സഭയില്‍ പ്രതിപക്ഷം പറഞ്ഞതോടെയാണ് വിഷയത്തില്‍ ലോക്‌സഭയില്‍ തര്‍ക്കം ആരംഭിച്ചത്.
എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ട് പറഞ്ഞു.
2012ല്‍ കോണ്‍ഗ്രസാണ് ഉത്തരാഖണ്ഡ് ഭരിച്ചിരുന്നതെന്നും സംവരണ വ്യവസ്ഥ പാലിക്കാതെ നിയമനം നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് എടുത്തതെന്നു ഗെഹ്‌ലോട്ട് സഭയില്‍ പറഞ്ഞു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ഒബിസിക്കാര്‍ക്കും സംവരണം നല്‍കി മുന്നോട്ട് പോകണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും സാമൂഹിക നീതി വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേസില്‍ സത്യവാങ്മൂലം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി പറഞ്ഞു.
അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റേത് ഇരട്ടതാപ്പ് നയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ പറഞ്ഞു.
സംവരണ വ്യവസ്ഥ അട്ടിമറിയ്ക്കാനുള്ള ശ്രമം ബി.ജെ.പി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ആര്‍.എസ്.എസ് സംവരണത്തിനെതിരെ നിരന്തരം നിലപാടുകള്‍ എടുക്കുന്നത് ജനം കാണുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി.ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകള്‍ പ്രകാരം സംവരണം വേണോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.