| Thursday, 20th October 2022, 9:59 pm

ഇതാണോ നിങ്ങളുടെ ചാന്റിങ്; ആഷിഖ് കുരുണിയനിനോടുള്ള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ പെരുമാറ്റം ന്യായീകരിക്കാമോ? സോഷ്യല്‍ മീഡിയയില്‍ തീര്‍പ്പാകാതെ ചര്‍ച്ച

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്റെ ഗോള്‍മഴക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ വന്‍ തോല്‍വി നേരിട്ടിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം.

കളി കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുകയുന്നത്. എ.ടി.കെ മോഹന്‍ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയനിനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ മോശമായി പെരുമാറിയത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ഫാന്‍ ചാന്റിങ്ങെന്ന പേരില്‍ ആഷിഖിനെ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ‘പോ പുല്ലെ, പോടാ പുല്ലെ. പോടാ പുല്ലെ ആഷിഖേ’ എന്ന് ഗ്യാലറിയല്‍വെച്ച് ആരാധകര്‍ മലയാളി താരത്തെ വിളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ആളുകള്‍ വിമര്‍ശനമുന്നയിക്കുന്നത്.

”പോ പുല്ലെ പോടാ പുല്ലെ. പോടാ പുല്ലെ ആഷിഖേ. പോടാ പുല്ലെ സുഹൈറേ.

സ്വന്തം ടീമിന്റെ വിജയത്തിനു വേണ്ടി ആര്‍ത്തുവിളിച്ച് ആരവങ്ങളുയര്‍ത്തി ഗ്യാലറിയെ സജീവമാക്കുന്നതില്‍ ഫാന്‍സിന്റെ എഫേര്‍ട്ട് അംഗീകരിക്കാം. പക്ഷേ എതിര്‍ ടീമിലെ കളിക്കാരെ പ്രത്യേകിച്ചും ഇന്ത്യന്‍ ടീമിന്റെ കുപ്പായമണിഞ്ഞ മലയാളി താരങ്ങളെ തെറിയഭിഷേകം നടത്തുന്നതിലെ ലോജിക്ക് എന്തെന്ന് മനസിലാകുന്നില്ല. അന്ന് സി.കെ. വിനീത്. ദേ വി.പി. സുഹൈര്‍. ആഷിഖ് കുരുണിയന്‍. ഇനി നാളെ പ്രശാന്ത്..

അധികം വൈകാതെ പാവം സഹലും ഇവരുടെ ‘ഇര’യായി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ആരാധകക്കൂട്ടായ്മയിലെ ഇത്തരം വിഷവിത്തുകളെ ഒറ്റപ്പെടുത്തുക.
നല്ല ഫുട്‌ബോള്‍ ജയിക്കട്ടെ,’ എന്നാണ് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.

എന്നാല്‍ കളിയില്‍ മലയാളി എന്നൊന്നുമില്ലെന്നും എതിരാളികളെ ഉള്ളുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഇതിനെതിരെ തിരിച്ചടിക്കുന്നത്.

‘ആഷിഖ് മലയാളി ആണെങ്കിലും എതിര്‍ ടീമിലാണ്. ബ്ലാസ്റ്റേഴ്‌സാണ് ജയിക്കേണ്ടത്. അതുകൊണ്ട് എതിര്‍ ടീമിന്റെ കാലില്‍ ബോള്‍ കിട്ടുമ്പോഴെല്ലാം ബൂ ചെയ്യുകയോ കൂവുകയോ ചെയ്യണം. അവരുടെ താളം തെറ്റിക്കണം.

അതില്‍ മലയാളി എന്നൊന്നില്ല എതിരാളികളെയുള്ളു. മാര്‍ഗം ഏതും സ്വീകരിക്കാം. ലക്ഷ്യം ആണ് പ്രധാനം. വിജയം മാത്രം,’ എന്നാണ് ഒരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, കൊച്ചിയില്‍വെച്ച് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മത്സര ശേഷം ആഷിഖ് കുരുണിയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

ഒരു ഫുട്‌ബോളര്‍ എന്ന നിലയില്‍ ഹോം മത്സരമായാലും എവേ മത്സരമായാലും ക്രൗഡ് വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും ആഷിഖ് പറഞ്ഞിരുന്നു.

2019 സീസണില്‍ ബെംഗളൂരുവിലെത്തിയ ആഷിഖ് വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തിവരുന്ന താരമാണ്. ഈ സീസണിലാണ് ആഷിഖ് എ.ടി.കെയുടെ ഭാഗമായത്. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടിയും ആഷിഖ് ബൂട്ട് കെട്ടുന്നുണ്ട്.

CONTENT HIGHLIGHT:  debate on social media, Can Kerala Blasters fans’ treatment of Ashiq Kuruniyan be justified?

We use cookies to give you the best possible experience. Learn more