വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഓക്ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. []
വെടിവെച്ചയാളും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് സംശയിക്കുന്നത്. പൊലീസ് തിരിച്ചു വെടിവച്ചപ്പോഴാണ് അക്രമി കൊല്ലപ്പെട്ടത്. ആരാധനാലയത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കുവേണ്ടിയെത്തിയവരാണ് കൊല്ലപ്പെട്ടത്.
കൈത്തോക്കുമായി എത്തിയ അക്രമി ഗുരുദ്വാരയ്ക്ക് നേരെ വെടിവെക്കുകയാണുണ്ടായത് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാല് പേരുടെ മൃതദേഹങ്ങള്‍ ആരാധനാലയത്തിനുള്ളില്‍ നിന്നും മൂന്ന് പേരുടേത് പുറത്തുനിന്നുമാണ് കണ്ടെടുത്തത്.
അക്രമിയുടെ ശരീരത്തില്‍ 9/11 എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നാല്‍പ്പതിന് അടുത്ത് പ്രായമുള്ള ആളാണ് അക്രമി. പ്രാദേശിക സമയം രാവിലെ 11 മണിക്കായിരുന്നു വെടിവയ്പ്പ്.
ഞായറാഴ്ചയായതിനാല്‍ ഗുരുദ്വാരയില്‍ ആരാധനയ്ക്കായി നാനൂറോളം പേര്‍ എത്തിയിരുന്നു. മൂന്നംഗ അക്രമിസംഘമാണ് വെടിവെപ്പിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. നിരവധി പേരെ ഗുരുദ്വാരയില്‍ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഗുരുദ്വാരയില്‍ പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമികളെ കണ്ടെത്താനായില്ല.
ഏതാണ്ട് അന്‍പതിനായിരം സിഖ് വംശജര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. സംഭവം എഫ്.ബി.ഐ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവും അക്രമത്തെ അപലപിച്ചു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ യു.എസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.