|

ഈജിപ്തില്‍ കലാപം; 32 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്‌റോ: ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തില്‍ പ്രതികളായ 21 പേര്‍ക്ക് വധശിക്ഷ നല്‍കിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.

പോര്‍ട്ട് സെയ്ദില്‍ നടന്ന പ്രതിഷേധമാര്‍ച്ചിനിടെയാണ് 32 പേര്‍ കൊല്ലപ്പെട്ടത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്.[]

രണ്ട് പോലീസുകാരും മരിച്ചവരില്‍ ഉള്‍പ്പെടും. കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 300 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെടിയേറ്റും വെട്ടേറ്റുമാണ് പലര്‍ക്കും പരിക്കേറ്റത്. അക്രമത്തെ തുടര്‍ന്ന് അന്താരാഷ്ട്ര കപ്പല്‍ചാലായ സ്യൂസ് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

കഴിഞ്ഞ വര്‍ഷം ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടിരുന്നു. പോര്‍ട്ട് സെഡ് നഗരത്തില്‍ നടന്ന മത്സരത്തില്‍ ഈജിപ്തിലെ പ്രശസ്ത ക്ലബായ അല്‍ ആഹ്‌ലിയുടെ ആരാധകരും അല്‍ മാസ്‌രിയുടെ ആരാധകരും ഏറ്റുമുട്ടുകയായിരുന്നു.

കേസില്‍ പ്രതികളായ 21 പേര്‍ക്ക് വധശിക്ഷ നല്‍കിയതിനെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതികളെ തടവില്‍പാര്‍പ്പിച്ചിരിക്കുന്ന ജയിലിനും പോലീസ് സ്‌റ്റേഷനും നേരെയാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ട്  ഫുട്‌ബോള്‍ താരങ്ങള്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

Latest Stories