| Friday, 2nd August 2024, 2:49 pm

മുണ്ടക്കൈ ദുരന്തത്തില്‍ 333 മരണം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 333 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 180 മൃതദേഹങ്ങളാണ്. നിലവില്‍ ചാലിയാറില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. രക്ഷാദൗത്യത്തില്‍ നേവിയുടെ ഹെലികോപ്റ്ററും പങ്കുചേരും.

107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മുണ്ടക്കൈയിലും ചൂരല്‍മലയിലയുമായി 284 പേരെ ഇനിയും കണ്ടെത്താനുണ്ട്. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തിരിച്ചറിയാത്ത 76 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചൂരല്‍മലയില്‍ രാവിലെ മുതല്‍ പെയ്ത് തുടങ്ങിയ മഴക്ക് നിലവില്‍ നേരിയ ശമനമുണ്ടായിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകും. രണ്ട് യൂണിറ്റ് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറയിലെ വനത്തില്‍ തിരച്ചില്‍ നടത്തുകയാണ്. സൈന്യം ബെയ്ലി പാലം നിര്‍മിച്ചതോടെ ഇന്ന് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലേക്ക് എത്തിച്ചു.

വയനാട്ടിലെ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9238 ആളുകളാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രമായി ഒമ്പത് ക്യാമ്പുകളാണ് ഉള്ളത്. ഈ ക്യാമ്പുകളില്‍ 2328 പേരാണ് കഴിയുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ 49 കുട്ടികള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി, ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച മുണ്ടക്കൈയില്‍ നടന്ന തിരച്ചിലിൽ ഒറ്റപ്പെട്ട ഒരു കുടുംബത്തെ ജീവനോടെ കണ്ടെത്തുകയുണ്ടായി. ചൂരല്‍ മലക്ക് സമീപമുള്ള പടവെട്ടി കുന്നിലാണ് നാലുപേരെ രക്ഷാദൗത്യത്തിനിടെ ജീവനോടെ കണ്ടെത്തിയത്.

രണ്ട് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് കണ്ടെത്തിയത്. ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് ജീവനോടെ കണ്ടെത്തിയത്.ഇവരെ നിലവില്‍ ബന്ധു വീട്ടിലേക്ക് മാറ്റിയതായി എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. സൈന്യവും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇവരെ കണ്ടെത്തിയത്.

Content Highlight: Death toll rises to 330 in Wayanad Mundakai-Churalmala landslide

We use cookies to give you the best possible experience. Learn more