| Thursday, 1st August 2024, 10:15 pm

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; മരണം 316, കാണാമറയത്ത് 295 പേർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 316 ആയി ഉയർന്നു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 295 പേരെ കാണാതായിട്ടുണ്ട്. രാവിലെ പുനരാരംഭിച്ച മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിന് വെല്ലു വിളിയായി ഉച്ചക്ക് ശേഷം പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ തെരച്ചിൽ ദുഷ്കരമായതിനെ തുടർന്നാണ് ഇന്നത്തെ രക്ഷാ പ്രവർത്തനം നിർത്തിയത്. ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളിൽ നിന്നുമായി ആകെ 29 വിദ്യാർത്ഥികളെ കാണാതായതായി ഡി.ഡി.ഇ ശശീന്ദ്രവ്യാസ് വി.എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗൻ അറിയിച്ചു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ പ്രോട്ടോകോൾ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥൻ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈൽ ഫ്രീസറുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുണ്ടക്കൈ-ചൂരലമല ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമാണം പൂര്‍ത്തിയായി. ദുരന്തത്തിൽ തകർന്നു പോയ മുണ്ടക്കൈ പാലത്തിന് ബദലായാണ് പുതിയ പാലത്തിന്റെ നിർമാണം. പാലം വഴി സൈനിക വാഹനങ്ങൾ മറുകരയിലെത്തി. പാലം നിർമിച്ചത് കരസേനയുടെ മദ്രാസ് എൻജിനീയറിങ് റെജിമെൻറ് ആണ്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് പ്രഖ്യാപിക്കാനുള്ള തടസമെന്താണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുണ്ടക്കൈ ഭാഗത്തത് 6 സോണുകൾ ആയി തിരിച്ചായിരിക്കും പരിശോധനയെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ദൽഹിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള റഡാർ സംവിധാനങ്ങൾ നാളെ എത്തുമെന്നും മന്ത്രി അറിയിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ അറിയിച്ചു.

Content Highlight: death toll rises to 297 in wayanad land slide

We use cookies to give you the best possible experience. Learn more