| Tuesday, 30th July 2024, 10:38 am

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; കേന്ദ്രത്തോട് സഹായമഭ്യര്‍ത്ഥിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 47 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കുമെന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് പ്രദേശത്തെ സ്ഥിതിഗതികള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിനുമായി ജില്ലാ കളക്ടറുമായും രാഹുല്‍ സംസാരിച്ചു.

ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ അനുശോചനമറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കാളികളാകണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. മേപ്പാടിയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രിയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച് 47 പേരുടെ മരണം സ്ഥിരീകരിച്ചതായി മന്ത്രി പറഞ്ഞു. 70 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചാലിയാര്‍ പുഴയില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍, പ്രസ്തുത കണക്കുകള്‍ ക്രോഡീകരിച്ച് ആരോഗ്യ വകുപ്പ് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചാലിയാറിന് അക്കരെ കുമ്പളപ്പാറ കോളനിയില്‍ ആറ് മൃതദേഹങ്ങളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചാലിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. നിലവില്‍ മേപ്പാടിയില്‍ 18 മൃതദേഹങ്ങളും മിംസ് ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളും വൈത്തിരി ആശുപത്രിയില്‍ ഒരു മൃതദേഹവുമാണ് ഉള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍.ഡി.ആര്‍.എഫിന്റെ നാല് സംഘങ്ങള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടിയ പ്രദേശത്തേക്ക് സൈന്യവും ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് 138 അംഗ സംഘവും കോഴിക്കോട് നിന്ന് 43 അംഗ സംഘവും എത്തും. സുളൂരില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വ്യോമ സേനയുടെ ഹെലികോപ്റ്റര്‍ എത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Death toll rises to 24 in Wayanad landslide

We use cookies to give you the best possible experience. Learn more