മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 250 പേരാണ് മരിച്ചത്. 89 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നിലവില്‍ 191 ആളുകള്‍ മേപ്പാടിയിലെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 82 പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും ഇന്ന് 46 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പോത്തുകല്ലിൽ നിന്ന് ഇതുവരെ 69 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയത്. 200 ലേറെ പേരെ കാണാതായി .തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.
മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വയനാട് വെച്ചാണ് സര്‍വകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ വയനാട് എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധനസഹായവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പിന്നീടുള്ള യോഗങ്ങളില്‍ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ന് നടന്ന അവലോകന യോഗത്തില്‍ മുണ്ടക്കൈ പൂര്‍ണമായും തകര്‍ന്നെന്നാണ് വിലയിരുത്തുന്നത്. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂന്ന് വാര്‍ഡുകളെയാണ് സാരമായി ബന്ധിച്ചതെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദലി നേരത്തെ പ്രതികരിച്ചിരുന്നു. 10, 11, 12 വാര്‍ഡുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്നാണ് നൗഷാദലി പറഞ്ഞത്.
നിലവില്‍ വായനാട്ടിലെത്തിയ ഒമ്പത് മന്ത്രിമാരുടെ സംഘം ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തും. മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ജില്ലയിലെ ക്യാമ്പുകളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും നാല് സഹകരണ ആശുപത്രികളില്‍ നിന്നുളള സംഘമെത്തുമെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് മെഡിക്കല്‍ കോളേജിലെ 50 അംഗ സംഘമായിരിക്കും വയനാട്ടിലെത്തുക. കല്‍പ്പറ്റയില്‍ താത്ക്കാലിക ആശുപത്രി തുറക്കാനും തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്.
ദുരന്തത്തില്‍ നിന്നും 481 പേരെയാണ് സൈന്യവും എന്‍.ഡി.ആര്‍.എഫും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരിക്കുന്നത്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
Content Highlight: Death toll rises to 171 in Mundakai-Churalmala landslide