മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 150 ആയി. ഇതുവരെ 48 ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 191 പേര്‍ നിലവില്‍ ചികിത്സയിലാണ്. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണ് ജില്ലയില്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസകരമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി വയനാട്ടില്‍ എട്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളിലായി ഉള്ളത്.
നിലവില്‍ മുണ്ടക്കൈയിൽ താത്കാലിക പാലം നിര്‍മിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മാണം നടക്കുന്നത്. മുണ്ടക്കൈയില്‍ അമ്പതിലേറെ വീടുകളാണ് തകര്‍ന്നിരിക്കുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നാല് സംഘങ്ങളായി 150 സൈനികര്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുത്തിട്ടുണ്ട്. സൈനികര്‍, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്‌നിരക്ഷാ സേന അടങ്ങുന്ന സംഘവും ഇതിലുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ നിലമ്പൂരില്‍ ചാലിയാറിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരലമല, അട്ടമല എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.
ഇന്നലെ (30/07/2024) പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ മുതൽ ചൂരൽമലയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മുണ്ടക്കൈയിൽ എന്താണ് സംഭിച്ചതെന്നതിൽ ഉദ്യോഗസ്ഥർക്ക് വ്യക്തതയുണ്ടായിരുന്നില്ല. 11 മണിക്കൂറുകൾക്ക് ശേഷമാണ് എൻ.ഡി.ആർ.എഫ് സംഘത്തിന് പുഴ കടന്ന് മുണ്ടക്കൈയിൽ എത്താൻ സാധിച്ചത്. വൈകുന്നേരത്തോടെ എയർഫോർസും മുണ്ടക്കൈയിൽ എത്തിയിരുന്നു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഒ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം നടക്കുന്നത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകർത്തതും കേരളത്തിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയതുമായ ഉരുൾപൊട്ടലായിരുന്നു ഇത്.
Content Highlight: Death toll rises to 147 in Wayanad landslide